ലക്ഷങ്ങൾ വിലവരുന്ന സ്വർണം കാണാനില്ല, അരിച്ച് പെറുക്കി പൊലീസ്, അന്വേഷണത്തിനിടെ പൊലീസിനെ ഞെട്ടിച്ച് പരാതിക്കാരി
പുറത്ത് പോയി തിരികെ വരുമ്പോള്‍ അലമാര തുറന്നു കിടക്കുകയും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം കാണാതാവുകയുമായിരുന്നു

ചൊക്ലി: കണ്ണൂരില്‍ വലിയ ഇരുനില വീട്ടില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ അലമാരയില്‍ നിന്ന് കാണാതായത് ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമെന്ന് പരാതി. വീടും നാടും പൊലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ എത്തിയതോടെ ആശയക്കുഴപ്പത്തിലായെങ്കിലും കേസ് അവസാനിപ്പിച്ച് പൊലീസ് മടങ്ങി.
കണ്ണൂർ ചൊക്ലിയിൽ വയോധികയുടെ വീട്ടിൽ നിന്നും മോഷണം പോയെന്ന് കരുതിയ 16 പവൻ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി. മോഷ്ടാവിനായി പാനൂർ പൊലീസ് അന്വേഷണം തുടരവെയാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൊക്ളി കാഞ്ഞിരത്തിൻ കീഴിൽ തനിച്ച് താമസിക്കുന്ന സൈനുവിന്റെ 16 പവൻ കാണാതായത്. സൈനു വീടിനു പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ അലമാര തുറന്നു കിടക്കുകയായിരുന്നു.
പരിശോധിച്ചപ്പോള്‍ സ്വർണ്ണവും പോയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ വീട്ടിൽ നിന്ന് മറ്റൊന്നും മോഷണം പോയിരുന്നില്ല. എല്ലാം പഴയപടി തന്നെ ആയിരുന്നു കിടന്നിരുന്നു. ഇതോടെയാണ് വീട്ടമ്മ പൊലീസിനെ സമീപിക്കുന്നത്. സൈനുവിന്റെ പരാതിയിൽ ചൊക്ളി പൊലീസ് കേസെടുത്തു. വീട്ടിൽ വിരലടയാള വിദഗ്ദരടക്കം തെളിവ് ശേഖരിച്ചു.
പക്ഷെ വീട്ടിനകത്തു തന്നെയുണ്ടായിരുന്ന സ്വർണ്ണം ഇവരാരും കണ്ടില്ല. ശനിയാഴ്ച്ച സൈനു കട്ടിലിനടിയിൽ നിന്നും സ്വർണ്ണം കണ്ടെത്തിയതായി പൊലീസിൽ അറിയിച്ചു. പരാതിയില്ലാത്തതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. 70 കാരിയായ സൈനുവിന് ഓർമ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കോഴിക്കോട് കൊടുവള്ളിയിൽ പെട്രോള്‍ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽ നിന്നും ഒന്നര പവൻ തൂക്കം വരുന്ന സ്വർണ ചെയിനും പണവുമാണ് മോഷണം പോയി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. ജീവനക്കാരുടെ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഷെൽഫിൽ നിന്നാണ് സ്വർണവും പണവും മോഷ്ടിച്ചത്. രണ്ട് പേരടങ്ങുന്ന സംഘമാണ് മോഷണം നടത്തിയത്. ഇതിൽ ഒരാളുടെ ദൃശ്യങ്ങള്‍ സി സി ടി വിയിൽ നിന്ന് ലഭിച്ചു. ജീവനക്കാരിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.