Asianet News MalayalamAsianet News Malayalam

കൊവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് റോഡ് ഉദ്ഘാടനം: നഗരസഭാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

റോഡ് തുടങ്ങുന്ന ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും നഗരസഭാ കാര്യാലയം വരെ ഘോഷയാത്രയായി നൂറ് കണക്കിന് പേർ  നടന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നഗരസഭാ അധ്യക്ഷന് പുറമേ ഉപാധ്യക്ഷ, കൗൺസിലർമാർ, വ്യാപാരി വ്യവസായി ജില്ലാ പ്രതിനിധി, യുണിറ്റ് അംഗങ്ങൾ തുടങ്ങിയവരൊക്കെ ഘോഷയാത്രയിൽ അണിനിരന്നിരുന്നു

police case against kottakkal corporation chief for violating covid control directions
Author
Kottakkal, First Published Jul 19, 2020, 11:46 PM IST

കോട്ടക്കൽ: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് റോഡ് ഉദ്ഘാടനം നടത്തിയ നഗരസഭാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു. സിമന്റ് കട്ട വിരിച്ച് നവീകരിച്ച ബി എച്ച് റോഡിന്റെ ഉദ്ഘാടനമാണ് കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷനും വ്യാപാരി വ്യവസായി നേതാക്കളും ഉൾപ്പെടെയുള്ളവർ ആഘോഷമായി നടത്തിയത്. 

റോഡ് തുടങ്ങുന്ന ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും നഗരസഭാ കാര്യാലയം വരെ ഘോഷയാത്രയായി നൂറ് കണക്കിന് പേർ  നടന്നാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നഗരസഭാ അധ്യക്ഷന് പുറമേ ഉപാധ്യക്ഷ, കൗൺസിലർമാർ, വ്യാപാരി വ്യവസായി ജില്ലാ പ്രതിനിധി, യുണിറ്റ് അംഗങ്ങൾ തുടങ്ങിയവരൊക്കെ ഘോഷയാത്രയിൽ അണിനിരന്നിരുന്നു. മാസ്ക് പോലും ധരിക്കാതെ നിരവധിപ്പേരാണ് ഘോഷയാത്രയുടെ ഭാഗമായത്. കൊവിഡ് രോഗത്തിനെതിരെ ശക്തമായ നിയന്ത്രണം നിലനിൽക്കെ ഉത്തരവാദപ്പെട്ടവർ തന്നെ നിയമ ലംഘനം നടത്തിയത് ഏറെ വിവാദമായിട്ടുണ്ട്. 

ഇതോടെയാണ് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ്. നേരത്തെയും നഗരസഭാ പരിധിയിൽ മറ്റൊരു റോഡിന്റെ ഉദ്ഘാടനവും ഇത്തരത്തിൽ നടന്നിരുന്നു. അന്നും വിമർശനമുയർന്നിരുന്നതാണ്. റോഡിന്റെ പ്രവൃത്തി ഉദ്ഘാടന സമയത്ത് കുട്ടികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തതും വിവാദമായിരുന്നു. ഇത്തരം ആക്ഷേപങ്ങൾ നിലനിൽക്കേയാണ് ഉത്തരവാദപ്പെട്ടവർ വീണ്ടും നിയമം ലംഘിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios