പൊലീസ് ജീപ്പിനെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ഡീസൽ മോഷണ സംഘത്തെ പിടികൂടി പാലക്കാട് പൊലീസ്. അത്യാധുനിക സംവിധാനങ്ങളോടെ ലോറിയിൽ ഘടിപ്പിച്ച 1200 ലിറ്ററിന്റെ രഹസ്യ ടാങ്ക് ഉപയോഗിച്ചാണ് ഇവർ മറ്റു വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിച്ച് വിറ്റിരുന്നത്.
പാലക്കാട്: പൊലീസ് ജീപ്പിനെ ഇടിച്ചിട്ട ഡീസൽ മോഷണ സംഘത്തിന്റെ ലോറി കയ്യോടെ പിടികൂടി പൊലീസ്. ഇവർ ലോറിയുമായി കടന്നു കളയുന്നതിനിടെ ടോൾ പ്ലാസയുടെ ബാരിയറും തകർത്തിരുന്നു. മറ്റു വാഹനങ്ങളിൽ നിന്നും ഡീസൽ മോഷ്ടിച്ച് സേലം- ബെംഗളൂരു ദേശീയ പാതയിൽ ലിറ്ററിന് 85 രൂപക്ക് വിൽക്കുകയായിരുന്നു ഇവരുടെ പതിവ് രീതി. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. വാളയാർ കടന്നു വന്ന ലോറിയെ മംഗലം പാലത്തിന് മുകളിൽ വച്ച് പൊലീസ് തടയുകയായിരുന്നു.
ഡീസൽ മോഷണത്തിനായി അത്യാധുനിക സംവിധാനങ്ങളാണ് ലോറിയിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ലോറിയുടെ വലതു വശത്ത്, താഴ് ഭാഗത്തായി 1200 ലിറ്റർ ശേഷിയുള്ള ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. റോഡരികിൽ നിർത്തിയിരിക്കുന്ന ഡീസൽ വാഹനങ്ങളുടെ അടുത്ത് വാഹനം നിർത്തിയാണ് മോഷണം. കൈവശമുള്ള ആയുധങ്ങൾ ഉപയോഗിച്ച് അപ്പുറത്തെ ഡീസൽ ടാങ്കിന്റെ പൂട്ട് പൊളിക്കുകയും മോഷണ സംഘത്തിന്റെ ലോറിയിലേക്ക് ഇന്ധനം ചോർത്തുകയുമാണ് ഇവരുടെ രീതി. ചെറിയ പമ്പുപയോഗിച്ചാണ് ഇത് ചെയ്യുന്നത്. 1200 ലിറ്റർ ശേഷിയുള്ള ടാങ്ക് മറക്കാനായി ലോറിയുടെ താഴത്തെ വശത്ത് ഇരുമ്പ് കൊണ്ട് ഒരു ഫ്രെയിമും ഇവർ ഘടിപ്പിച്ചിട്ടുണ്ട്. വണ്ടിയുടെ നമ്പർ പ്ലേറ്റടക്കം മോഷണത്തിന് ഉതകുന്ന തരത്തിലാക്കി ഘടിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പൊലീസ്.


