മുളകുപൊടി കണ്ണില്‍ ആകാഞ്ഞതിനാല്‍ ജംഷീദിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. തുടര്‍ന്ന് സഫിയ നിമിഷങ്ങളോളം മോഷ്ടാവുമായി അപ്രതീക്ഷിത ചെറുത്തുനില്‍പ് നടത്തുകയായിരുന്നു
കോഴിക്കോട്: ഇടയത്താഴം ഒരുക്കാനായി പുലര്‍ച്ചെ എഴുന്നേറ്റ വീട്ടമ്മക്ക് നേരെ മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കോഴിക്കോട് കൂടരഞ്ഞി കോലോത്തുംകടവ് സ്വദേശി പാലകത്തൊടി ജംഷീദാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3.45ഓടെ കാരശ്ശേരി പഞ്ചായത്തിലെ വല്ലാത്തായിപാറയിലാണ് സംഭവം നടന്നത്.
കാവുങ്ങല്‍ അസീസിന്റെ ഭാര്യ സഫിയക്ക് നേരെയാണ് അക്രമം ഉണ്ടായത്. പുലര്‍ച്ചെ എഴുന്നേറ്റ് വീടിന്റെ അടുക്കള ഭാഗത്ത് എത്തിയപ്പോള്‍ ഇവിടെ പതുങ്ങിയിരുന്ന ജംഷീദ് ഇവര്‍ക്ക് നേരെ മുളകുപൊടി എറിയുകയും കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
എന്നാല്‍ മുളകുപൊടി കണ്ണില്‍ ആകാഞ്ഞതിനാല്‍ ജംഷീദിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. തുടര്‍ന്ന് സഫിയ നിമിഷങ്ങളോളം മോഷ്ടാവുമായി അപ്രതീക്ഷിത ചെറുത്തുനില്‍പ് നടത്തുകയായിരുന്നു. ബഹളം കേട്ട് സഫിയയുടെ മകള്‍ കൂടി എത്തിയതോടെ മോഷ്ടാവ് ഇറങ്ങി ഓടി.
മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിനിടയിലാണ് ജംഷീദ് പിടിയിലായത്. ആറ് മാസങ്ങള്‍ക്കിടെ ഇത് നാലാം തവണയാണ് പ്രദേശത്ത് സമാനരീതിയില്‍ മോഷണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മൂന്ന് തവണയും സ്വര്‍ണമാല മോഷ്ടിക്കപ്പെട്ടു. ആറ് മാസങ്ങള്‍ക്ക് മുന്‍പ് അമ്പതുകാരിയായ സൗധയുടെ രണ്ട് പവന്‍ തൂക്കമുള്ള മാല മോഷ്ടിക്കപ്പെട്ടിരുന്നു. ഒരു മാസം മുന്‍പ് സമീപത്തുതന്നെയുള്ള ജമീലയുടെ ഒന്നര പവന്‍ തൂക്കമുള്ള മാലയും നഷ്ടമായി. ഒരാള്‍ തന്നെയാണോ ഇതിന് പുറകില്‍ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
