കുളത്തൂപ്പുഴയിൽ പട്ടാപ്പകല്‍ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. 

കൊല്ലം: കുളത്തൂപ്പുഴയിൽ പട്ടാപ്പകല്‍ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. തിരുവനന്തപുരം കാക്കാണിക്കര സ്വദേശി ബൈജുവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി വെട്ടിപൊളിച്ച് മോഷണം നടത്തിയത്. പരാതി കിട്ടി മണിക്കൂറുകള്‍ക്കകം കാക്കാണിക്കര വട്ടക്കരിക്കത്തെ പ്രതിയുടെ വീട്ടിലെത്തി കുളത്തൂപ്പുഴ പൊലീസ് പിടികൂടി. 

കവര്‍ച്ചയ്ക്കിടെ സിസിടിവി ക്യാമറ തകർത്ത ശേഷമാണ് ബൈജു മടങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ സഞ്ചാരപാത പൊലീസ് മനസിലാക്കിയത്. കവര്‍ച്ച നടത്തി കിട്ടിയ പണത്തിൽ കുറച്ചു രൂപ പ്രതി ചെലവാക്കി. ബാക്കി തുക പോലീസ് കണ്ടെത്തി. ബൈജുവിനെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read more: 'കറൻസി നോട്ടുകൾ ചിതറിക്കിടക്കുന്നു', സിസിടിവിയിൽ വ്യക്തമായ ദൃശ്യങ്ങൾ, മോഷണ തുടർച്ചയിൽ കള്ളനെ തേടി പൊലീസ് !

അതേസമയം, വിഴിഞ്ഞം സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ സ്വന്തം ബൈക്ക് കടത്തിക്കൊണ്ടുപോയ കള്ളനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ പരമ്പരകള്‍ നടത്തിയിരുന്ന തക്കല സ്വദേശി മെർലിനെയാണ് കന്യാകുമാരി എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. 

വിഴിഞ്ഞത്തെ തൊണ്ടിമുതൽ മോഷണം നടന്നത് ജൂലൈ 12നാണ്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട പയറ്റുവിളറോഡിലൂടെ ആക്ടീവയിൽ പോയ യുവതിയുടെ മാല പിടിച്ചുപറിക്കാൻ മെർലിൻ ശ്രമിച്ചു. യുവതിയുടെ ബഹളം കേട്ട് നാട്ടുകാർ വരുന്നതു കണ്ടതോടെ കള്ളൻ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെ വഴിയിൽ ബൈക്ക് കേടായി. റോഡരികിൽ വാഹനം പൂട്ടിവെച്ച ശേഷം മെർലിൻ ഓടിരക്ഷപ്പെട്ടു. 

പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ മുറ്റത്ത് തൊണ്ടിമുതലിനൊപ്പം പാർക്ക് ചെയ്തു. എന്നാൽ അതീവ സുരക്ഷയുള്ള സ്റ്റേഷൻ മുറ്റത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ സ്വന്തം ബൈക്ക് കടത്തി മെര്‍ലിന്‍ പൊലീസുകാരെ ഞെട്ടിച്ചു. ബന്ധു റെജിന്‍റെ സഹായത്തോടെയാണ് ബൈക്ക് കടത്തിയത്. പുലർച്ചെ പാറാവുകാർ ഷിഫ്റ്റ് മാറുന്ന അഞ്ച് മണി കഴിഞ്ഞ് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ വാഹനം കടത്തി. സ്റ്റേഷൻ മുറ്റത്ത് നിന്ന് ഉരുട്ടി റോഡിൽ എത്തിച്ച ബൈക്ക് വയർ ഉപയോഗിച്ച് സ്റ്റാർട്ടാക്കി ഓടിച്ചുപോവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം