കൊല്ലം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് പൊലീസ്. വാഹനങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് വിധയമാക്കിയും ആളുകളുടെ പക്കല്‍ നിന്നും സത്യവാങ്മൂലം വാങ്ങിയുമാണ് യാത്ര ചെയ്യാന്‍ അനുമതി നല്‍കുന്നത്. ഇതിനിടെ പൊലീസിനെ കബളിപ്പിക്കാന്‍ നോക്കി കുടുങ്ങിയിരിക്കുകയാണ് യുവാവും ഓട്ടോ ഡ്രൈവറും.

ചവറ പൊലീസ് ശങ്കരമംഗലത്ത് നടത്തിയ പരിശോധനക്കിടെയാണ് സംഭവം. തിരുവനന്തപുരം ആനയറ സ്വദേശിയായ ശ്രീപാലിന്റെ ഓട്ടോ പരിശോധനയ്ക്കായി തടഞ്ഞപ്പോള്‍ യാത്രക്കാരന്‍ അളിയന്‍ മരിച്ചെന്നും കാണാന്‍ പോകുകയാണെന്നും പറഞ്ഞ് സത്യവാങ്മൂലം നല്‍കി. മരണവിവരം അറിഞ്ഞപ്പോള്‍ പൊലീസ് ഇവരെ യാത്ര തുടരാന്‍ അനുവദിച്ചു. 

എന്നാല്‍ യാത്രക്കാരനായ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഫോണ്‍ നമ്പര്‍ വാങ്ങി ഇയാളുടെ വീട്ടിലേക്ക് വിളിച്ചു. ഫോണ്‍ എടുത്ത് സംസാരിച്ചത് 'മരിച്ചെ'ന്ന് പറഞ്ഞ അളിയനും! പൊലീസ് കാര്യം പറഞ്ഞപ്പോള്‍ അളിയന്‍ ഞെട്ടി. ഇതോടെ യുവാവും ഓട്ടോ ഡ്രൈവറും കുടുങ്ങി. ചോദിച്ചപ്പോള്‍ ഓട്ടോ ഡ്രൈവറാണ് ഇങ്ങനെ ഒരു നുണയ്ക്ക് ബുദ്ധി ഉപദേശിച്ചതെന്ന് യുവാവ് പറഞ്ഞു. തുടര്‍ന്ന് യുവാവിനെ ചവറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസിനെ കബളിപ്പിച്ച് ഓട്ടോ നിരത്തിലിറക്കിയതിന് ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക