'അതൊരു വെളുത്ത മാരുതി സ്വിഫ്റ്റ് ഡിസൈര്‍ കാറാണ്'; രണ്ട് മാസമായിട്ടും സുനീറിനെ ഇടിച്ചിട്ട കാര്‍ കണ്ടെത്തിയില്ല
.ഗുരുതര പരിക്കേറ്റ സുനീര്‍ ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും ഉപജീവനവും മുന്നോട്ട് കൊണ്ടുപോകുന്നത്.
മലപ്പുറം: കൂട്ടിലങ്ങാടി സ്വദേശി സുനീര്‍ എന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തി രണ്ട് മാസമായിട്ടും വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടത്തിനു പിന്നാലെ കാറുമായി കടന്നു കളഞ്ഞവരെ കണ്ടെത്താൻ പൊലീസും നാട്ടുകാരും പല തവണ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല.ഗുരുതര പരിക്കേറ്റ സുനീര്‍ ഇപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും ഉപജീവനവും മുന്നോട്ട് കൊണ്ടുപോകുന്നത്.
ഒക്ടോബർ 18 രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. തെറ്റായ ദിശയിൽ വന്ന കാർ സുനീറിന്റെ സ്കൂട്ടറിനെ ഇടിച്ചുതെറി പ്പിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് സുനീർ കാറിന്റെ ബോണറ്റിൽ വന്ന് വീണു. ഗുരുതരമായി പരിക്കേറ്റ സുനീറിനെ തിരിഞ്ഞു നോക്കാതെ അപകടമുണ്ടാക്കിയവര്‍ കാർ നിർത്താതെ പോയി. പിന്നാലെ വന്ന ഓട്ടോ ഡ്രൈവർ ആണ് സുനീറിനെ ആശുപത്രിയിൽ എത്തിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വെളുത്ത മാരുതി സിഫ്റ്റ് ഡിസയര്‍ കാർ ആണ് അപകടമുണ്ടാക്കിയതെന്ന് വ്യക്തം.പക്ഷെ നമ്പര്‍ വ്യക്തമല്ല. വർഷോപ്പുകളിൽ അടക്കം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കാറിനെക്കുറിച്ചോ അപമകടമുണ്ടാക്കിയവരെക്കുറിച്ചോ ഒരു തുമ്പും കണ്ടെത്താനായില്ല.നിർമ്മാണ തൊഴിലാളിയെ സുനീർ കിടപ്പിലായതോടെ കുടുംബം തീർത്തും ദുരിതത്തിലായി.
മരുന്നിന് തന്നെ നിത്യേന വലിയൊരു തുക ആവശ്യമായിവരും. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസം അടക്കം നടക്കുന്നത്. അപകടത്തിനിടയാക്കിയ കാർ കണ്ടെത്തിയാല്‍ മാത്രമേ ഇൻഷുറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകൂ.അന്വേഷണം തുടരുന്നു എന്നാണ് മലപ്പുറം പോലീസ് അറിയിക്കുന്നത്.