തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ബിജുവിൻ്റെ സുഹൃത്തുക്കളായ രണ്ടുപേരെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപള്ളി ബിജുവിനെ (43) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. സുഹൃത്തുക്കളായ രണ്ടുപേരാണ് കടയ്ക്കാവൂർ പൊലീസിൻ്റെ കസ്റ്റഡിയിലായത്.

കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപമുള്ള വയലിലാണ് ഇന്നലെ രാവിലെ വെട്ടേറ്റ നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെങ്ങിന്റെ ചുവട്ടിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ബിജുവിന്റെ തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള നിരവധി മുറിവുകളുണ്ടെന്ന് പൊലിസ് പറയുന്നു.

തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ബിജുവിനെതിരെ കൊലപാതകം, വധശ്രമം, അടിപിടി തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇപ്പോൾ കസ്റ്റഡിയിലായ പ്രതികളിൽ ഒരാളുടെ പിതാവിനെ മുമ്പ് കൊലപ്പെടുത്തിയ കേസിൽ ബിജുവിന് പങ്കുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ കൃത്യമായ മുൻവൈരാഗ്യമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്ഥലത്തെത്തിയ കടയ്ക്കാവൂർ പൊലീസും വിരലടയാള വിദഗ്ധരും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.