ശാരദ കൊലക്കേസ് പ്രതി മണികണ്ഠനെ മണത്ത് കണ്ടെത്തി, പോത്ത് ഷാജിയെയും പിടികൂടി, കോടതി പേരെടുത്ത് പ്രശംസിച്ച ജെറി വിടവാങ്ങി

തിരുവനന്തപുരം: കൊലക്കേസ് പ്രതികളടക്കം നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച്, കോടതിയുടെ പ്രശംസ ഏറ്റുവാങ്ങിയ പൊലീസ് നായ ജെറി വിടവാങ്ങി. 2015-ൽ ട്രാക്കർ ഡോഗായി വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിൽ എത്തിയ ജെറി 30 ഗുഡ്‌ സർവീസ് എൻട്രികളും ഡിജിപിയുടെ മൂന്ന് എക്സലൻസ് പുരസ്കാരവും നേടിയിട്ടുണ്ട്. തിരുവനന്തപുരം റൂറല്‍ പൊലീസ് ശ്വാനസേന വിഭാഗത്തിലെ ലാബ്രഡോര്‍ ഇനത്തിലുള്ള ജെറി 2023ൽ സർവീസിൽ നിന്നും വിരമിച്ച ശേഷം തന്‍റെ പരിശീലകനായിരുന്ന വിഷ്ണു ശങ്കറിനൊപ്പം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷം അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. വിരമിക്കുന്ന നായകളെ തൃശൂരിലെ പൊലീസിന്‍റെ വിശ്രാന്തി വിശ്രമകേന്ദ്രത്തിലേക്കാണ് അയയ്ക്കാറുള്ളത്. എന്നാല്‍ ജനിച്ച് മൂന്നാം മാസം മുതല്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ജെറിയെ വിശ്രമജീവിതത്തിലും ഒപ്പം കൂട്ടണമെന്നായിരുന്നു വിഷ്ണു ശങ്കറിന്‍റെ ആഗ്രഹം. ഇതിന് പൊലീസ് സേനയുടെ അനുമതി ലഭിച്ചതോടെ പൊലീസ് സേനക്ക് അഭിമാനമായ ജെറി സഹപ്രവര്‍ത്തകനൊപ്പം തന്നെ വിശ്രമ ജീവിതവും തുടരുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്താന്‍, ഒപ്പമുള്ള പൊലീസുകാരുടെ മനസറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള കഴിവ് ജെറിക്കുണ്ടെന്നതാണ് പ്രത്യേകതയെന്ന് പരിശീലകർ പറയുന്നു.

കടയ്ക്കാവൂരില്‍ ശാരദ എന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മണികണ്ഠനെ മണം പിടിച്ച് കണ്ടെത്തിയ കേസിലാണ് കോടതി വിധിയില്‍ ജെറിയെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്. പാലോട് കൃഷ്ണനാശാരി കൊലക്കേസില്‍ തോര്‍ത്തില്‍ നിന്നും മണം പിടിച്ച് പോത്ത് ഷാജി എന്ന കൊലയാളിയെ കണ്ടെത്തുന്നത് ജെറിയാണ്. 600 മീറ്ററോളം ഓടി ജെറി പ്രതിയുടെ വീട്ടിലെത്തി. വര്‍ക്കലയില്‍ ശ്രീനാരായണഗുരു മന്ദിരം തകര്‍ത്ത കേസില്‍ പൊലീസിനെ സഹായിക്കാന്‍ ജെറിയെത്തി. ഇതേ പ്രതി മറ്റൊരു മന്ദിരം തകര്‍ത്തത് കൂടി പൊലീസിന് കണ്ടെത്തി പ്രതിയെ കുടുക്കാനും സഹായിച്ചു. കിളിമാനൂര്‍ മുളയ്ക്കലത്തുകാവില്‍ കട കത്തിച്ച കേസിലെ പ്രതിയേയും കുടുക്കിയത് ജെറിയാണ്. പൊലീസ് അക്കാദമിയിലെ പരിശീലന സമയത്ത് മികച്ച ട്രാക്കര്‍ നായക്കുള്ള സമ്മാനം നേടി. ഹാന്‍ഡ്ലറായ വിഷ്ണു ശങ്കറിനും ഇതേ വര്‍ഷം മികച്ച 'ഇന്‍ഡോറി'നുള്ള പുരസ്‌കാരം ലഭിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ജെറിയെ ഡിജിപി അനില്‍ കാന്തും വിളിച്ചു വരുത്തി അഭിനന്ദിച്ചിരുന്നു.