വെള്ളറടയിൽ വർധിച്ചുവരുന്ന എംഡിഎംഎ, കഞ്ചാവ് കടത്ത് തടയാൻ പൊലീസ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. രഹസ്യവിവരത്തെ തുടർന്ന് കൊറിയർ സർവീസുകൾ, കെഎസ്ആർടിസി ഡിപ്പോ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.
തിരുവനന്തപുരം: അതിര്‍ത്തി പ്രദേശത്ത് വര്‍ധിച്ചു വരുന്ന എംഡിഎംഎ, കഞ്ചാവ് കടത്ത് സംഘത്തെ പിടികൂടുന്നതിനായി ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. വെള്ളറട ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വീസുകളിലും കെഎസ്ആര്‍ടിസി ഡിപ്പോ, സമീപത്തെ സ്റ്റേഷനറി സ്‌റ്റോറുകള്‍ ഉൾപ്പടെയുള്ള സ്ഥാപനങ്ങളിലും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. പൊലീസ് സംഘവും ഡാന്‍സഫ് സംഘവും പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പ്രദേശത്തെ ലഹരി സംഘങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതോടെയായിരുന്നു പരിശോധന. കൊറിയര്‍ സ്ഥാപനങ്ങളില്‍ ലഹരി കൈമാറ്റം നടക്കുന്നതായും വിവരം ലഭിച്ചിരുന്നു. പാഴ്‌സലുകള്‍ തുറന്ന് പരിശോധിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് നായയെ ഉപയോഗിച്ച് പരിശോധന നടത്തിയത്. ഇന്നത്തെ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെങ്കിലും വരും ദിവസങ്ങളും ഈ മേഖലകളില്‍ ശക്തമായ പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.


