ഇടുക്കി: പശുവിനെ കൊന്ന പുള്ളിപ്പുലിയെ കെണിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ എസ്റ്റേറ്റിലെത്തിച്ച്  തെളിവെടുപ്പ് നടത്തി. എ സി എഫ് ബി സജീഷ് കുമാറിന്റെ നേത്യത്വത്തില്‍ കന്നിമല നയമക്കാട് എസ്റ്റേറ്റിലും പ്രതിയുടെ വീട്ടിലുമാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ എട്ടിനാണ് കന്നിമല ലോയര്‍ ഡിവിഷനിലെ തെയിലക്കാടുകള്‍ക്ക് സമീപം പുള്ളിപ്പുലിയെ കെണിയില്‍ കുടുങ്ങി ചത്തനിലയില്‍ കണ്ടെത്തിയത്. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  എസ്റ്റേറ്റ് തൊഴിലാളിയായ എ കുമാര്‍ (34) വനംവകുപ്പ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിഞ്ഞത്. തന്റെ വീട്ടിലെ പശുവിനെ ഒന്നരവര്‍ഷം മുന്‍പ് പുലി ആക്രമിച്ച് കൊന്നിരുന്നു. സങ്കടം സഹിക്കാതെവന്നതോടെ മുരുകന്‍ പുലിയെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ എങ്ങിനെ വകവരുത്തുമെന്ന് അറിയില്ലായിരുന്നു. തുടര്‍ന്ന് സിനിമകളില്‍ നിന്ന വന്യമ്യഗങ്ങളെ വേട്ടയാടുന്നതെങ്ങിനെയെന്ന് മനസിലാക്കിയ പ്രതി നൂല്‍കമ്പികൊണ്ട് കെണിയുണ്ടാക്കി. എസ്റ്റേറ്റില്‍ കയറുന്ന ഭാഗം കണ്ടെത്തി കെണി സ്ഥാപിച്ചു. 

Read More : പ്രിയപ്പെട്ട പശുവിനെ കൊന്ന പുലിയെ കാത്തിരുന്ന് കെണിവച്ച് പിടികൂടി കൊലപ്പെടുത്തിയ യുവാവ് പിടിയില്‍...

സ്ഥിരമായി എല്ലാദിവസവും നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പുലി കെണിയില്‍ അകപ്പെടാതെവന്നതോടെ നിരീക്ഷണം ഒഴിവാക്കി. ഇതിനിടെയാണ് പുലി കെണിയില്‍ അകപ്പെട്ടത്. നാട്ടുകാര്‍ക്കൊപ്പം ഓടിയെത്തിയ മുരുകന്‍ കെണിയില്‍ അകപ്പെട്ട് ചത്തുകിടക്കുന്ന പുലിയെ കണ്ടശേഷം സന്തോഷമായി വീട്ടിലേക്ക് മടങ്ങി. വനംവകുപ്പ് അധിക്യതര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുമാറാണെന്ന് കണ്ടെത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിങ്കളാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കും. മൂന്നാര്‍ റേഞ്ച് ഓഫീസര്‍ ഹരീന്ദ്രകുമാര്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തെളിവെടുപ്പില്‍ പങ്കെടുത്തു.