പണം നൽകിയിട്ടും എംഡിഎംഎ ലഭിക്കാത്തതിനെ തുടർന്ന് വയനാട് സ്വദേശിയായ യുവാവിനെ തടവിലാക്കിയ ലഹരിസംഘത്തിലെ രണ്ടുപേരെ താമരശ്ശേരി പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്ന് തന്ത്രപൂർവം കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് ഓമശ്ശേരിയിലെ വാടക വീട്ടിൽ പാർപ്പിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി.

കോഴിക്കോട്: പണം നല്‍കിയ ശേഷം എംഡിഎംഎ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവിനെ തടവിലാക്കിയ സംഘത്തെ പൊലീസ് പിടികൂടി. തടവിലാക്കിയ യുവാവിനെ മോചിപ്പിച്ചു. ബെംഗളൂരു കോത്തന്നൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന വയനാട് സ്വദേശി സാജിദിനെയാണ് താമരശ്ശേരി പൊലീസ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഓമശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി സംഘത്തില്‍പ്പെട്ട താമരശ്ശേരി കളരാന്തിരി വട്ടോത്ത് പുറായില്‍ അപ്പാപ്പന്‍ എന്ന ശിഹാബ്(40), വാവാട് പാലക്കുന്നുമ്മല്‍ ആക്കോയി എന്ന അശ്വിന്‍(25) എന്നിവരാണ് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മൂന്നിനാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള, പ്രതികള്‍ ഉള്‍പ്പെട്ട ലഹരിസംഘം എംഡിഎംഎ വാങ്ങുന്നതിനായി ബംഗളൂരുവില്‍ എത്തിയത്. സാജിദ് മുഖേനയാണ് ബംഗളൂരുവിലെ ലഹരി വില്‍പ്പനക്കാരെ ഇവര്‍ ബന്ധപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 1.5 ലക്ഷം രൂപ സാജിദിന്റെ മുറിയില്‍ വെച്ച് സംഘം ഇയാളുടെ സുഹൃത്തിന് നല്‍കി. എന്നാല്‍ പണം നല്‍കിയിട്ടും ലഹരിമരുന്ന് കിട്ടാതായതിനെ തുടര്‍ന്ന് ഇവര്‍ സാജിദിനെ തന്ത്രപൂര്‍വം കോഴിക്കോട്ടേക്ക് കൊണ്ടുവരികയും തടവിലാക്കുകയുമായിരുന്നു. ഓമശ്ശേരി മുടൂര്‍ സ്വദേശി ശിഹാബിന്റെ വാടക വീട്ടിലാണ് ഇയാളെ പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

പണമോ അല്ലെങ്കില്‍ എംഡിഎംഎയോ നല്‍കണമെന്ന് പറഞ്ഞ് ഇവര്‍ സാജിദിനെ മര്‍ദ്ദിക്കുകയും പട്ടിണിക്കിടുകയും ചെയ്തു. ശിഹാബിന്റെ വീട്ടില്‍ ഒരാളെ പൂട്ടിയിട്ടതായി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി ഡിവൈ എസ്പി കെ. വിനോദ് കുമാറിന്റെ നിര്‍ദേശ പ്രകാരം ഡാന്‍സാഫ് സംഘവും താമരശ്ശേരി പോലീസും പരിശോധന നടത്തുകയായിരുന്നു. പിടിയിലായ ഷിഹാബിനെ കഴിഞ്ഞ വര്‍ഷം മൂന്ന് ഗ്രാം എംഡിഎംഎയുമായി വയനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതാണ്. ഇയാളുടെ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാജിദിന്റെ പരാതിപ്രകാരം പിടിയിലായ ശിഹാബിന്റെയും അശ്വിന്റെയും പേരില്‍ വധശ്രമത്തിനും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.