താമരശ്ശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മുക്കം സിഐയാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ അന്വേഷണസംഘത്തിനായിട്ടില്ല.
നീലേശ്വരം: കോഴിക്കോട് നീലേശ്വരം സ്കൂളിൽ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പൊലീസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളായ അധ്യാപകരെ പിടികൂടാനായിട്ടില്ല. പ്രതികൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്.
വിദ്യാഭ്യാസ വകുപ്പിന്‍റെ പരാതിയിൽ മേയ് 13 നാണ് പ്രതികളായ മൂന്ന് അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി മുക്കം പൊലീസ് കേസെടുത്തത്. താമരശ്ശേരി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ മുക്കം സിഐയാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ കേസെടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ അന്വേഷണസംഘത്തിനായിട്ടില്ല.
പ്രതികൾ സംസ്ഥാനം വിട്ടെന്നും കുടുംബാംഗങ്ങളിൽ നിന്നോ സുഹൃത്തുത്തളിൽ നിന്നോ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും പുരോഗതിയില്ല. പ്രതികളായ പ്രിൻസിപ്പൽ കെ. റസിയ, അധ്യാപകരായ നിഷാദ് വി. മുഹമ്മദ്, പി കെ ഫൈസൽ എന്നിവരുടെ മുൻജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി തള്ളിയിരുന്നു.
പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പ്രതികളെ ഉടൻ പിടികൂടണമെന്നാണ് മുസ്ലീം ലീഗും കോൺഗ്രസും ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിലും നീലേശ്വരം സ്കൂളിൽ വ്യാപക ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയിരുന്നു. സമഗ്ര അന്വേഷണം വേണമെന്ന ഹയർ സെക്കൻഡറി ജോയിന്‍റ് ഡയറക്ടറുടെ റിപ്പോർട്ടിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
