മെയ് 13 ന് മണ്ണുത്തി പാലത്തിന് സമീപം സൈക്കിൾ വച്ച് ഉമ്മയുടെ കൂടെ ബസ്സിൽ ടൌണിൽ പോയതായിരുന്നു അർഷദ്. തിരിച്ച് വന്നപ്പോഴാണ് സൈക്കിൾ മോഷണം പോയ വിവരം അറിഞ്ഞത്. 

തൃശൂർ: കാണാതായ സൈക്കിളിന് പകരം ഒമ്പതാം ക്ലാസുകാരന് പുതിയ സൈക്കിൾ വാങ്ങി നൽകി മണ്ണുത്തി പൊലീസ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സൈക്കിൾ നഷ്ടപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു അർഷദ്. മണ്ണി സ്റ്റേഷനിലെ പൊലീസുകാർ പിരിവിട്ടാണ് സൈക്കിൾ വാങ്ങിക്കൊടുത്തത്. സൈക്കിൾ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും പൊലീസ് പറഞ്ഞു. മെയ് 13 ന് മണ്ണുത്തി പാലത്തിന് സമീപം സൈക്കിൾ വച്ച് ഉമ്മയുടെ കൂടെ ബസ്സിൽ ടൌണിൽ പോയതായിരുന്നു അർഷദ്. തിരിച്ച് വന്നപ്പോഴാണ് സൈക്കിൾ മോഷണം പോയ വിവരം അറിഞ്ഞത്. 

പിറ്റേന്ന് പൊലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. പൊലീസ് സിസിടിവിയെല്ലാം പരിശോധിച്ചെങ്കിലും സൈക്കിൾ കണ്ടെത്താനായില്ല. അതിനാൽ പൊലീസുകാർ പിരിവിട്ട് സൈക്കിൾ വാങ്ങുകയായിരുന്നു. പിതാവിന്റെ മരണത്തോടെ വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു അർഷദിന്റെ കുടുംബം. സ്കൂൾ തുറക്കാൻ പോകുകയാണെന്നും സൈക്കിളില്ലെന്നുമുള്ള അർഷദിന്റെ വാക്കുകൾ കേട്ട പൊലീസുകാർ ഉടൻ തന്നെ പണം സ്വരൂപിച്ച് സൈക്കിൾ വാങ്ങി കുട്ടിക്ക് നൽകി. ഇപ്പോൾ അർഷദിനും മണ്ണുത്തി സ്റ്റേഷനിലെ പൊലീസുകാർക്കും ഇരട്ടി സന്തോഷം.