വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ജയയെ തല്ലാൻ കൊട്ടേഷൻ കൊടുത്ത ബന്ധു സജീഷും ഒളിവിലാണ്.
കൊച്ചി: വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. ജയയെ തല്ലാൻ കൊട്ടേഷൻ കൊടുത്ത ബന്ധു സജീഷും ഒളിവിലാണ്. ഇവരെ ഒളിവിൽ പോകാൻ സഹായിച്ചയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കനാട്ടുകാരനായ വിപിൻ സുരേഷിനെയാണ് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സജീഷിനെ ഒളിവിൽ പോകാൻ സഹായിച്ചത്.
കുടുംബവഴക്കിന് പിന്നാലെയാണ് സജീഷ് ഭാര്യയുടെ ബന്ധുവായ ജയയെ മർദിക്കാൻ കൊട്ടേഷൻ കൊടുത്തത്. ജയയുടെ അച്ഛന്റെ സഹോദരിയുടെ മകൾ പ്രിയങ്കയുടെ രണ്ടാംഭർത്താവാണ് സജീഷ്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോ ഓടിക്കുന്നതിനെ ചൊല്ലിയും ആദ്യ വിവാഹത്തിലെ കുട്ടികളെ ഉപദ്രവിക്കുന്നതി്റെ പേരിലും ജയയും സജീഷും തമ്മിൽ കലഹം പതിവായിരുന്നു.
ഇതിന്റെ പേരിലാണ് ജയയെ ഒരു പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സജീഷ് ക്വട്ടേഷൻ കൊടുത്തത്. സജീഷിന് ഒത്താശ ചെയ്തതിന് പ്രിയങ്കയേയും സജീഷിന്റെ സുഹൃത്തും സഹായിയുമൊക്കെയായ വിധുൻദേവിനെയും അറസ്റ്റ് ചെയ്തിരുന്നു. ക്രൂരമർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യആശുപത്രിയിൽ ചികിത്സ തുടരുന്നു
