ലഹരി കടത്ത് സംഘങ്ങള്‍ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായി മുന്തിയ ഇനം നായകളെ വാഹനത്തില്‍ കൊണ്ട് നടക്കാറുണ്ട്. ഇത്തരത്തില്‍ കൊണ്ട് പോകുന്നതിനിടെ ഇതിനെ ഉപേക്ഷിച്ചതാണോയെന്നും അന്വേഷിക്കും. 

ആലപ്പുഴ:കടവൂരിലെ കടത്തിണ്ണയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മുന്തിയയിനം വിദേശനായ റോട്ട്‍വീലറിന്‍റെ ഉടമയെ കുറിച്ച് പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. മാര്‍ക്കറ്റില്‍ ഏറെ വിലയുള്ള വിദേശ ഇനം നായയാണ് റോട്ട്‍വീലര്‍. ആവശ്യക്കാരേറെയുള്ള നായ ഇനത്തെ റോഡില്‍ ഉപേക്ഷിക്കാനുള്ള കാരണമെന്ത് ? ലഹരിക്കടത്ത് സംഘങ്ങളാണോ നായയെ ഉപയോഗിച്ചിരുന്നത് ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പൊലീസിന്‍റെ രഹസ്യാന്വേഷണ സംഘം അന്വേഷണം ഏറ്റെടുത്തതെന്നാണ് ലഭ്യമായ വിവരം. 

ലഹരി കടത്ത് സംഘങ്ങള്‍ പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനായി മുന്തിയ ഇനം നായകളെ വാഹനത്തില്‍ കൊണ്ട് നടക്കാറുണ്ട്. ഇത്തരത്തില്‍ കൊണ്ട് പോകുന്നതിനിടെ ഇതിനെ ഉപേക്ഷിച്ചതാണോയെന്നും അന്വേഷിക്കും. കഴിഞ്ഞ ദിവസം അതിരാവിലെയാണ് കവലൂര്‍ ബസ് സ്റ്റാന്‍റിന് സമീപത്തെ കടയില്‍ റോട്ട്‍വീലര്‍ ഇനത്തില്‍പ്പെട്ട നായയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. നാട്ടില്‍ പേ ബാധയുള്ള നായകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും തെരുവ് നായ ശല്യം കൂടിയതിനാലും അതിരാവിലെ നഗരത്തിലെ കടയില്‍ കെട്ടിയിട്ട നിലയില്‍ നായയെ കണ്ടെത്തിയപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ ആദ്യം പഞ്ചായത്ത് അധിക‍ൃതരെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. 

പഞ്ചായത്ത് വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ മൃഗഡോക്ടര്‍ ജിം കിഴക്കൂടനാണ് നായ റോട്ട്‍വീലറാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ആദ്യം നായയെ കണ്ട് പേടിച്ചിരുന്ന നാട്ടുകാര്‍, നായ മുന്തിയ ഇനത്തില്‍പ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞതോടെ വളര്‍ത്താന്‍ താത്പര്യം പ്രകടിപ്പിച്ചു. ഒടുവില്‍ സമീപത്തെ വീട്ടില്‍ താത്കാലികമായി നായയെ കെട്ടിയിടുകയായിരുന്നു. ഇതിനിടെ നായയെ കെട്ടിയിട്ട വീട്ടുകാര്‍ ഇപ്പോള്‍ നായയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. സന്ദര്‍ശകര്‍ കൂടിയതോടെ ശല്യമായതിനാലാണ് കാണാനുള്ള അനുമതി നിഷേധിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടമ അന്വേഷിച്ചെത്തിയാല്‍ കൈമാറണമെന്ന വ്യവസ്ഥയിലാണ് താത്കാലിക സംരക്ഷണത്തിന് നൽകിയതെന്ന് കലവൂർ മൃഗാശുപത്രിയിലെ ഡോക്ടർ ജിം കിഴക്കൂടൻ അറിയിച്ചു. നായ നഷ്ടപ്പെട്ടതായി പരാതിപ്പെട്ട് ഇതുവരെയാരും എത്തിയിട്ടില്ല.

കൂടുതല്‍ വായനയ്ക്ക്: ആദ്യം പേയുണ്ടെന്ന് സംശയിച്ച് മാറിനിന്നു; വില കൂടിയ ഇനമാണെന്നറിഞ്ഞപ്പോള്‍ സ്വന്തമാക്കാന്‍ 'പിടിവലി'