ഇടുക്കി: മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കിടയിൽ വ്യാപകമായി പ്രചരിച്ച വ്യാജസന്ദേശങ്ങൾക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. തപാൽ ബാങ്കിൽ അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ അക്കൗണ്ടിലെത്തുമെന്നും സൗജന്യമായി വീടും സ്ഥലവും നൽകുമെന്നുമായിരുന്നു പ്രചരണം. വാട്സ്ആപ്പിലൂടെ പ്രചരിച്ച ഈ രണ്ട് സന്ദേശങ്ങൾ വിശ്വസിച്ച് മണിക്കൂറുകളോളമാണ് തൊഴിലാളികൾ തപാൽ ഓഫീസിന് മുന്നിൽ കാത്തുനിന്നത്.

സന്ദേശത്തിൽ പറഞ്ഞതുപോലെ മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ കിട്ടുമല്ലോ എന്ന് കരുതി ആളുകൾ അക്കൗണ്ട് തുറക്കുന്നതിനായി തപാൽ ഓഫീസിലെത്തിയിരുന്നു. എന്നാൽ, വ്യാജപ്രചരണമാണെന്നും പണം ലഭിക്കില്ലെന്നും തപാൽ ഓഫീസ് ജീവനക്കാർ അറിയിച്ചെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങാൻ തൊഴിലാളികൾ തയ്യാറായില്ല.

വായിക്കാം; മോദി വക 15 ലക്ഷമെന്ന് വ്യാജ സന്ദേശം; മൂന്നാറില്‍ മൂന്ന് ദിവസത്തിനിടെ തുറന്നത് 1500 പോസ്റ്റോഫീസ് അക്കൗണ്ടുകള്‍

ഇതിനിടെ ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസിലേക്കും അപേക്ഷയുമായി തൊഴിലാളികൾ കൂട്ടമായെത്തി. സർക്കാർ എന്നാണ് സൗജന്യമായി വീടും ഭൂമിയും നൽകുന്നതെന്നായിരുന്നു തൊഴിലാളികളുടെ ചോദ്യം. ആദ്യം അമ്പരന്ന റവന്യൂ വകുപ്പ് ജീവനക്കാർ കാര്യമറിഞ്ഞതോടെ വ്യാജപ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് അറിയിച്ച് ഓഫീസിന് മുന്നിൽ നോട്ടീസ് പതിച്ചു.

വായിക്കാം;മോദി വക 15 ലക്ഷമെന്ന് സന്ദേശം; അക്കൗണ്ടെടുക്കാന്‍ ആള് കൂടിയതോടെ മൂന്നാര്‍ പോസ്റ്റോഫീസ് ഞായറാഴ്ചയും തുറന്നു

ഒരു ദിവസത്തെ ജോലി കളഞ്ഞാണ് തൊഴിലാളികളിൽ പലരും അപേക്ഷ നൽകാൻ സർക്കാർ ഓഫീസുകളിലെത്തിയത്. അവസരം മുതലാക്കി അപേക്ഷ തയ്യാറാക്കി നൽകിയവർ 150 രൂപ വരെ തൊഴിലാളികളുടെ കയ്യിൽ നിന്ന് ഈടാക്കി. വ്യാജപ്രചരണം വ്യാപകമായതോടെ ദേവികുളം സബ്കളക്ടറുടെ നിർദ്ദേശം അനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.