വീട്ടില്‍ അതിക്രമിച്ച് കയറിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും ബിജു മദ്യലഹരിയിലാണ് അതിക്രമം കാണിച്ചതെന്നും നാട്ടുകാര്‍.
തിരുവനന്തപുരം: തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് നാട്ടുകാരുടെ മര്‍ദ്ദനം. ടെലി കമ്മ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദ്ദനമേറ്റത്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. ബേക്കറി ജംഗ്ഷനിലെ ഒരു വീട്ടിലേക്ക് ബിജു അതിക്രമിച്ച് കയറിയതോടെ വീട്ടുകാര്‍ ബഹളം വച്ചു. ഇത് കേട്ടെത്തിയ നാട്ടുകാരാണ് ബിജുവിനെ വലിച്ചഴിച്ച് മര്‍ദ്ദിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയത് കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും ബിജു മദ്യലഹരിയിലാണ് അതിക്രമം കാണിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ബിജുവിനെതിരെയും മര്‍ദ്ദിച്ചവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തു.
താമരശേരി പൊലീസ് സ്റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ കവര്‍ച്ച
കോഴിക്കോട്: താമരശേരി പൊലീസ് സ്റ്റേഷന്‍ ചുറ്റുമതിലിനോട് ചേര്‍ന്ന കെട്ടിടത്തിലും കവര്‍ച്ച. സ്വര്‍ണ ഉരുക്കുന്ന മഹാരാഷ്ട്ര സ്വദേശി വിനോദ് വസന്തിന്റെ സ്ഥാപനത്തിലാണ് രാത്രി മോഷണം നടന്നത്. 15000 രൂപയില്‍ അധികം വിലവരുന്ന സ്വര്‍ണത്തരികളാണ് മോഷണം പോയത്. സംഭവത്തില്‍ വിനോദ് വസന്ത് പൊലീസില്‍ പരാതി നല്‍കി. വിനോദിന്റെ കടയില്‍ നിന്ന് ഇറങ്ങിയ മോഷ്ടാവ്, പിന്നീട് സമീപത്തെ ശ്രീഹരി ഹോട്ടലിന്റെ പുറകുവശത്തുകൂടെ ഹോട്ടലിന് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ശേഷം ഹോട്ടലിനു പുറകില്‍ ഉണക്കാനിട്ട ഒരു ലുങ്കി എടുത്ത് ധരിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
താമരശേരി മേഖലയിലെ വാഹനങ്ങളില്‍ നിന്നും, അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നിന്നും മോഷണം പതിവായിരിക്കുകയാണ്. എന്നാല്‍ പല പരാതികളിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം. അതിഥി തൊഴിലാളികളെ കബളിപ്പിച്ച് ഫോണുകളും പണവും കവര്‍ച്ച ചെയ്ത സംഭവത്തില്‍ ഒരാഴ്ചയായിട്ടും പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

