ആലപ്പുഴ: ഇരിക്കാന്‍ പഴയ കസേര ചോദിച്ചെത്തിയ ആറാം ക്ലാസുകാരന് പുതിയ രണ്ട് കസേരകള്‍ വാങ്ങി നല്‍കി പൊലീസ് ഉദ്യോഗസ്ഥര്‍. ചേര്‍ത്തല ഡിവൈഎസ്‍പി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് എ എസ് കനാല്‍ തീരത്ത് പുറമ്പോക്കിലെ കൂരയില്‍ കഴിയുന്ന ആറാം ക്ലാസുകാരന്‍ എത്തിയത്. ഓഫീസിന് പിന്നില്‍ സൂക്ഷിച്ചിട്ടുള്ള പൊട്ടിയ കസേരകളിലൊന്ന് എടുത്തോട്ടെയെന്ന് ചോദിച്ചതോടെ ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ വിളിച്ചിരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

വീട്ടില്‍ കസേരയില്ലെന്നും ഇതിനാലാണ് വന്നതെന്നുമായിരുന്നു കുട്ടിയുടെ മറുപടി. പിറ്റേ ദിവസം വരാന്‍ പറഞ്ഞ് കുട്ടിയെ മടക്കിയയച്ച ശേഷം ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് പുതിയ കസേര വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസമെത്തിയ കുട്ടിക്ക് പുതിയ രണ്ട് കസേരകള്‍ ഡിവൈഎസ്‍പി എ ജി ലാല്‍ കൈമാറി. പിന്നീട് ഉദ്യോഗസ്ഥര്‍ കസേര വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്തു. കുട്ടിയുടെ പിതാവ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലാണ്. മാതാവ് ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം പുലര്‍ത്തുന്നത്.