ഇടുക്കി: ചികിത്സ വൈകിയെന്നാരോപിച്ച് രോഗിക്കൊപ്പമുണ്ടായിരുന്നവര്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും മര്‍ദിച്ചതായി നല്‍കിയ പരാതിയില്‍ കഴിമ്പില്ലെന്ന് മൂന്നാര്‍ പൊലീസ്. സി സി ടി വി ദ്യശ്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി കണ്ടെത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ ഇരുവിഭാഗങ്ങളും പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തിന്റെ ആദ്യഘട്ട പരിശോധനയില്‍ ആശുപത്രി ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ആക്രമിച്ചതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ഒരാഴ്ച മുമ്പാണ് ചൊക്കനാട് സ്വദേശിയെ അത്യാസന്ന നിലയില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നാല്‍പത് മിനിറ്റ് കഴിഞ്ഞിട്ടും പരിശോധനകള്‍ നടത്താന്‍ അധിക്യതര്‍ തയ്യറായില്ല. ഇതോടെ ബന്ധുക്കള്‍ ക്ഷുപിതരാവുകയും സംഭവം ചോദ്യം ചെയ്യുകയും ചെയ്തു. ആശുപത്രി അധിക്യതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ എ എസ് പിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കാര്യങ്ങള്‍ ആരായുകയും ചെയ്തു. എന്നാല്‍ പൊലീസിന്റെ സാനിധ്യത്തില്‍പോലും രോഗിയെ പരിചരിക്കാന്‍ അധിക്യതര്‍ തയ്യറായില്ല. ഇതോടെ ബന്ധുക്കള്‍ രോഗിയെ അടിമാലി ആശുപത്രിയിലേക്ക് മാറ്റി. 

ഇതിനിടെയാണ് മൂന്നാര്‍ ജനറല്‍ ആശുപത്രി  ഡോ. ബ്രയാന്‍ ജെ.എസ്, ഡോ.എന്‍.ജയകൃഷ്ണന്‍, ജീവനക്കാരായ പി.ജയ, എസ്.ദിനേശ്, സുന്ദര്‍ എന്നിവര്‍ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് മൂന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. ആശുപത്രിയിലെ സി സി ടി വി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ബന്ധുക്കള്‍ മര്‍ദ്ദിച്ചതായി പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ആശുപത്രി ജീവനക്കാര്‍ രോഗിയെ പരിചരിക്കാന്‍ തയ്യറാകാത്ത സംഭവം രോഗിയുടെ ബന്ധുക്കള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തിയിരുന്നു. ഈ ദ്യശ്യങ്ങള്‍ ബന്ധുക്കള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.