കോട്ടയം കൂരോപ്പടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പൊലീസ് അന്വേഷണം. പൊലീസ് കുടുംബത്തിൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു. കൂരോപ്പട മറ്റപ്പള്ളിയിലെ നാലംഗ കുടുംബമാണ് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കോട്ടയം: കോട്ടയം കൂരോപ്പാടയിലെ കൂട്ട ആത്മഹത്യാ ശ്രമത്തിൽ പൊലീസ് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങൾ പരിശോധിക്കുന്നു. മരിച്ച ജോസ്‌നയുടെ കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ മറ്റപ്പള്ളി ശാഖയിലെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. മറ്റു സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കും. കുടുംബത്തിന് ഏറെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവ ദിവസം കുടുംബം അസ്വസ്ഥരായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സാമ്പത്തിക ബാധ്യതയെ തുടർന്നായിരുന്നു നാലംഗ കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യാ ശ്രമം. വിഷം കഴിച്ചു ചികിത്സയിലായിരുന്ന ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് വീട്ടിൽ ജോസ്‌ന (42), മകൾ മരിയ തെരേസ എന്നിവരാണ് മരിച്ചത്. ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലടക്കം ചികിത്സയിലിരിക്കെ ആണ് രണ്ടുപേരും മരണപ്പെട്ടത്. ജോസ്‌നയുടെ ഭർത്താവ് തോമസ് എബ്രഹാം, മകൻ അലൻ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് വിവരം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ആണ് നാലുപേരെയും വീട്ടിൽ അവശ നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കീടനാശിനി ആണ് ഇവർ കഴിച്ചതെന്ന് കണ്ടെത്തിയത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായാണ് പൊലീസും ഇവരോട് അടുപ്പമുള്ളവരും പറയുന്നത്. തോമസിന് ചിട്ടി സ്ഥാപനം ഉണ്ടായിരുന്നുവെന്നും പലർക്കും പണം തിരിച്ചു കൊടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നതായും പറയപ്പെടുന്നു. സഹകരണ ബാങ്കിലും ബാധ്യതകൾ ഉണ്ടായിരുന്നു എന്നാണ് വിവരം.

ജോസ്‌നയുടെയും മരിയ തെരേസയുടെയും മരണത്തിൽ സ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ്, ഫോറൻസിക് സംഘം വീട്ടിൽ പരിശോധന നടത്തി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


