തിരുവനന്തപുരം ഉള്ളൂരിൽ ഗുരുമന്ദിരത്തിൻ്റെ ചില്ല് തകർത്ത സംഭവം മോഷണമെന്ന് പൊലീസ്. മുൻവശത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ച് തകർത്ത ശേഷം കാണിക്കവഞ്ചിയിൽനിന്ന് 5,000 രൂപയോളം കവർന്നു. കവർച്ചയ്‌ക്കിടെ മോഷ്ടാവിന്റെ കൈ ചില്ലിൽ കൊണ്ട് മുറിഞ്ഞതായി പൊലീസ്.
തിരുവനന്തപുരം: ഉള്ളൂർ പൗരസമിതിയുടെ നിയന്ത്രണത്തിലുള്ള ഗുരുമന്ദിരത്തിൻ്റെ ചില്ല് തകർത്ത സംഭവം മോഷണം തന്നെയെന്ന് പൊലീസ്. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. മുൻവശത്തെ ചില്ല് കല്ലുകൊണ്ട് ഇടിച്ച് തകർത്ത ശേഷം കാണിക്കവഞ്ചി കവർന്ന നിലയിലാണ്. ചില്ല് തകർത്ത ശേഷം അകത്തേക്ക് കൈ കടത്തിയാണ് മോഷണം നടത്തിയതെന്നും കവർച്ചയ്‌ക്കിടെ മോഷ്ടാവിന്റെ കൈ ചില്ലിൽ കൊണ്ട് മുറിഞ്ഞതായി വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മന്ദിരത്തിന്റെ ചില്ലിലും ചുവരുകളിലും രക്തക്കറ കണ്ടെത്തി. കൈ മുറിഞ്ഞയുടൻ രക്തം ചുമരിൽ തേച്ചതാണെന്നാണ് നിഗമനം. പരിശോധനയിൽ മോഷണ ശ്രമം തെളിഞ്ഞതോടെ സമീപത്തെ സിസിടിവി ദ്യശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടപടിയ്ക്കൊരുങ്ങുകയാണ് പൊലീസ്. മോഷ്ടാവിൻ്റെ രക്തക്കറ കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമാകുമെന്നും മന്ദിരത്തിൽ സിസിടിവി കാമറകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ നാലുമണിയോടെ ഗുരുമന്ദിരത്തിൽ വിളക്ക് തെളിക്കാനെത്തിയ ജീവനക്കാരൻ അനിൽ കുമാറാണ് ചില്ല് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് ഭാരവാഹികളെ വിവരമറിയിക്കുകയും മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. 5,000 രൂപയോളം നഷ്ടമായെന്ന് ഗുരുമന്ദിരം ഭാരവാഹികൾ വ്യക്തമാക്കി. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് മെഡിക്കൽ കോളെജ് പൊലീസ് പറഞ്ഞു. വി മുരളീധരൻ എംഎൽഎ സ്ഥലം സന്ദർശിച്ചു.


