ജില്ലയിലെ നെല്ലിയാമ്പതിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

പാലക്കാട്‌: ജില്ലയിലെ നെല്ലിയാമ്പതിയിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോൺ നോക്കുന്നതിന് വീട്ടുകാർ വഴക്കു പറഞ്ഞതാണ് കാരണമെന്ന് പൊലീസ് അറിയിക്കുന്നത്. നെന്മാറ ജിബിഎച്ച് എസ്എസി-ൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് നന്ദന.

Read more:'കുഞ്ഞിന് നാല് മാസം; വിട്ടുമാറാത്ത പനി, ജലദോഷം, ചര്‍മത്തിന് നീലനിറം', ജീവൻ തിരികെ നൽകി അപൂര്‍വ്വ ശസ്ത്രക്രിയ

അതേസമയം, നീന്തൽകുളത്തിൽ പരിശീലനത്തിനിടെ പന്ത്രണ്ടുകാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു. പറപ്പൂർ ചാലക്കൽ സ്വദേശി പ്രസാദിന്‍റെ മകൻ നവദേവ് ആണ് മരിച്ചത്. പറപ്പൂർ സെന്‍റ് ജോൺസ് ഹയർ സെക്കന്‍ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് നവദേവ്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വൈകീട്ട് അഞ്ച് മണിയോടെയാണ് പോന്നോരിലെ നീന്തൽ കുളത്തിൽ നവദേവ് പരിശീലനത്തിലെത്തിയത്. 

വർഷങ്ങളായി ഹീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്ന നവദേവ് രണ്ടാഴ്ച കൂടുമ്പോൾ ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇന്ന് ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ ഇഞ്ചക്ഷൻ എടുത്ത നവദേവിനോട് വീട്ടിൽ വിശ്രമിക്കുവാൻ അമ്മ പറഞ്ഞത് കേൾക്കാതെ നീന്താൻ പോവുകയായിരുന്നു. ട്യൂബിൽ കുളത്തിലിറങ്ങിപരിശീലനത്തിനിടെ പെട്ടന്ന് നവദേവിനെ കാണാതാവുകയായിരുന്നു.

തുടർന്ന് സഹോദരൻ മറ്റുള്ളവരെ വിളിച്ച് വിവരമറിയിച്ചു. ഓടിയെത്തിയവര്‍ വെള്ളത്തിൽ മുങ്ങിപ്പോയ നവദേവിനെ എടുത്ത് ആദ്യം തോളൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍‌ പേരാമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഹീമോഫീലിയ രോഗത്തിന് ചികിത്സയിലായിരുന്ന നവദേവ് ഇഞ്ചക്ഷൻ എടുത്ത ദിവസങ്ങളിൽ തളർച്ച നവദേവിന് അനുഭവപ്പെടാറുണ്ടെന്ന് വീട്ടുകാർ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)