കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു.

കോഴിക്കോട്: കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പൊലീസുകാര്‍. കോഴിക്കോട് കോതി പാലത്തിന് സമീപത്താണ് അനിഷ്ട സംഭവം നടന്നത്. പന്നിയങ്കര പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടങ്ങളില്ലാതെ വിദ്യാര്‍ത്ഥിനി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിനി സ്‌കൂളില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് കോതി പാലത്തിന് സമീപത്തുകൂടി സംശയാസ്പദമായ സാഹചര്യത്തില്‍ നടന്നുപോകുന്നത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ശ്രദ്ധിച്ചു. പെണ്‍കുട്ടിയെ നിരീക്ഷിച്ച പൊലീസുകാര്‍ കോതി പാലത്തിന് സമീപം വച്ച് അവള്‍ കടലിലേക്ക് ചാടുന്നതാണ് കണ്ടത്.

ഉടന്‍ തന്നെ തൊട്ടടുത്ത് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയും സംഘടിപ്പിച്ച് പൊലീസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വിദ്യാര്‍ഥിനിയെ കരയിലേക്ക് കയറ്റുകയായിരുന്നു. അപകടം ഒന്നും സംഭവിക്കാഞ്ഞതിനാല്‍ ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ ഇവര്‍ക്കൊപ്പം വിട്ടു. പന്നിയങ്കര എസ്‌ഐ ബാലു കെ. അജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.