പാലക്കാട്: പാലക്കാട് മംഗലം ഡാമിനടുത്ത് ഉൾവനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. വാറ്റുസംഘം പൊലീസിനെകണ്ട് ഓടി രക്ഷപ്പെട്ടു. ഇവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്

മദ്യലഭ്യത ഇല്ലാതായതോടെ, പാലക്കാടിന്റെ മലയോര മേഖലകളിൽ വ്യാജവാറ്റ് സജീവമാകുകയാണ്. മംഗലംഡാം, പാലക്കുഴി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വാറ്റെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഉൾവനത്തിൽ 10 കിലോമീറ്ററോളം നടന്നാണ് വാഷ് കണ്ടെത്തിയതെന്ന് പൊലീസ്  അറിയിച്ചു. അധികമാരും എത്താൻ സാധ്യതയില്ലാത്ത തിണ്ടില്ലം വെളളച്ചാട്ടത്തിന് സമീപമായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. വാഷ് സൂക്ഷിച്ചിരുന്നത് പാറയിടുക്കിലും. വീപ്പകളിലും കുടങ്ങളിലും സൂക്ഷിച്ചിരുന്ന 1200 ലിറ്റർ വാഷാണ് നശിപ്പിച്ചത്.  

വീര്യം കൂട്ടാൻ മാരകമായ രാസപദാർത്ഥങ്ങൾ വാഷിൽ ചേർത്തിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.  ഇത് വിഷമദ്യദുരന്തത്തിന് തന്നെ വഴിവെക്കുമെന്നാണ് നിഗമനം. പൊലീസെത്തുന്നത് കണ്ട് നാലുപേർ ഓടിരക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. മലയോരമേഖലയിലെ ചാരായവാറ്റ് കണ്ടെത്തി തടയാൻ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.