പെരുമ്പാവൂരിലെ ഒരു ചിപ്സ് കടയിൽ ഗൂഗിൾ പേ വഴി പണം നൽകാമെന്ന് പറഞ്ഞ് രണ്ട് യുവാക്കൾ തട്ടിപ്പ് നടത്തി.
പെരുമ്പാവൂർ: ഗൂഗിൾ പേ വഴി പണം തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് ചിപ്സ് കടയിൽ നിന്ന് ചിപ്സും പണവും കൈക്കലാക്കി രണ്ട് യുവാക്കൾ കടന്നതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം 5.50ന് കെഎസ്ആർടിസി റോഡിലെ കൊച്ചിൻ ചിപ്സ് എന്ന സ്ഥാപനത്തിലാണ് സംഭവം. കടയിൽ എത്തിയ യുവാക്കൾ 170 രൂപയുടെ ചിപ്സ് വാങ്ങിയ ശേഷം, സ്ഥാപനത്തിലെ ജീവനക്കാരനോട് 500 രൂപ നൽകിയാൽ ഗൂഗിൾ പേ വഴി 670 രൂപ തിരികെ അയയ്ക്കാമെന്ന് പറഞ്ഞു. ജീവനക്കാരൻ 500 രൂപ നൽകിയ ഉടൻ ഇരുവരും ചിപ്സും പണവുമായി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


