രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്.
തൃശൂര്‍: കുന്നംകുളം കേച്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ച് വെച്ചിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ മണലി സ്വദേശി തലയ്ക്കല്‍ വീട്ടില്‍ സുനില്‍ ദത്തിനെ(48)യാണ് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ ബെഡ്‌റൂമിലെ അലമാരയില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഒറീസയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ രഹസ്യാന്വേഷണ വിഭാഗവും ദിവസങ്ങളായി പ്രതിയെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, രവികുമാര്‍, അഞ്ജലി, ബിജു, അശ്വിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
