ഇന്നലെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഇതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുൻപും എസ്ഐ ക്വാറികളിൽ നിന്നുള്ള ലോറികൾ പിടിച്ചതിന്റെ പേരിൽ തർക്കം ഉണ്ടായിരുന്നു
പത്തനംതിട്ട: കോന്നിക്കടുത്ത് അരുവാപ്പുലത്ത് സിപിഎം ലോക്കൽ സെക്രട്ടറിയും എസ്ഐയും തമ്മിൽ നടുറോഡിൽ പോർവിളി. ക്വാറികളിൽ നിന്ന് അമിത ഭാരം കയറ്റിവന്ന ലോറികൾ പിടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പക്ഷപാതപരമായാണ് എസ്ഐ വാഹനങ്ങൾ പിടികൂടുന്നതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ പരാതി. എന്നാൽ നിയമം ലംഘിച്ച ലോറികൾ പിടികൂടി പിഴയിടുക മാത്രമാണ് താൻ ചെയ്തതെന്ന് എസ്ഐ വിശദീകരിക്കുന്നു.
ഇന്നലെ നടന്ന തർക്കത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാർ നോക്കിനിൽക്കെയുള്ള തർക്കത്തിനിടയിൽ അസഭ്യവർഷവുമുണ്ട്. ക്വാറികളിൽ നിന്ന് അമിത ഭാരം കയറ്റി വന്ന ലോറികൾ കോന്നി എസ്ഐ സജു എബ്രഹാം പിടികൂടി പിഴയിട്ടു. ചില ലോറികൾ മാത്രം പിടികൂടുകയും, മറ്റുള്ളവ ഒഴിവാക്കുകയുമാണ് എസ്ഐ നിയമം നടപ്പാക്കുന്നതെന്നാണ് അരുവാപ്പുലം ലോക്കൽ സെക്രട്ടറിയുടെ പരാതി. ടിപ്പർ ലോറി സംഘടനക്കാർ തന്നെ പരാതി പറഞ്ഞതിനാൽ പരസ്യമായി ഇടപട്ടെന്നാണ് ദീദു ബാലന്‍റെ വിശദീകരണം.
നിയമലംഘനം നടത്തിയ ലോറികൾ എല്ലാ സ്ഥലങ്ങളിലും ഒരുപോലെ പിടികൂടി പിഴയിട്ടു. ലോക്കൽ സെക്രട്ടറി അടിസ്ഥാനരഹതിമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും എസ്ഐ വിശദീകരിക്കുന്നു. ഇതിന് മുൻപ് എസ്ഐയും ക്വാറി ഉടമകളും തമ്മിൽ ലോറി പിടികൂടുന്നതിന്‍റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് കോന്നിയിൽ നിന്ന് സ്ഥലം മാറ്റ ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗസ്ഥനാണ് സജു എബ്രഹാം. പത്തനംതിട്ട സ്റ്റേഷനിലേക്ക് മാറാൻ കാത്തിരിക്കുന്നതിന് പിന്നാലെയാണ് ഇന്നലെ ഇതേ വിഷയത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയുമായി തർക്കമുണ്ടായത്. എസ്ഐയുടെ സ്ഥലംമാറ്റം സേനയിലെ സാധാരണയുള്ള മാറ്റത്തിന്‍റെ ഭാഗമെന്നാണ് ഔദ്യോഗിക വിശദീകരണം.

