Asianet News MalayalamAsianet News Malayalam

മൂന്നാറിൽ പൊലീസുകാരന് മർദ്ദനം; അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇന്നലെ രാത്രി കാർത്തിക മഹോത്സവത്തിനിടെയാണ് ആക്രമണം നടന്നത്. മൂന്നാറിൽ രാത്രി ഡ്യൂട്ടിയിലായിരുന്നു വിഷ്ണു

policeman beaten by five member gang at Munnar
Author
First Published Dec 7, 2022, 11:20 AM IST

ഇടുക്കി: മൂന്നാറില്‍ പൊലീസ് ഉദ്യോഗസ്ഥന് അഞ്ചംഗ സംഘത്തിന്റെ മർദ്ദനം. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറായ വിഷ്ണുവിനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നെ രാത്രി കാർത്തിക മഹോത്സവത്തോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണ ചുമതല നിർവഹിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിലെ പ്രതികളായ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി മൂന്നാർ പൊലീസ് സിഐ മനീഷ് കെ പൗലോസ് അറിയിച്ചു.

കാര്‍ത്തിക മഹോല്‍സവവുമായി ബന്ധപ്പെട്ട് മൂന്നാറിലെ തിരക്ക് നിയന്ത്രിക്കാന്‍ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിൽ അറസ്റ്റിലായ  അഞ്ചംഗ സംഘം സഞ്ചരിച്ച ഓട്ടോറിഷ നിയന്ത്രണം ഭേദിച്ച് മുന്നോട്ട് പോയി. ഇതോടെ  വിഷ്ണുവും മറ്റൊരു പോലീസുകാരനും ചേർന്ന് ഓട്ടോറിക്ഷ തടഞ്ഞു.  ഇതില്‍ പ്രകോപിതനായ ഓട്ടോറിക്ഷയിലെ അഞ്ച് പേരിൽ ഒരാൾ വിഷ്ണുവിന്‍റെ മുഖത്തടിക്കുകയായിരുന്നു. 

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മൂന്നാർ സ്വദേശികളായ സുരേഷ് കണ്ണൻ, ദീപന്‍, മുകേഷ്, രാജേഷ്, വേലൻ എന്നിവരാണ് പിടിയിലായത്. സര്‍ക്കാർ ഉദ്യോഗസ്ഥന്‍റെ കൃത്യനിര്‍വഹണം തടസപെടുത്തിയതിനും ദേഹോപദ്രവമേല്‍പ്പിച്ചതിനും വിവിധ വകുപ്പുകള്‍ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.  
 

Follow Us:
Download App:
  • android
  • ios