ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
കോഴിക്കോട്: പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ് എന്നാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതിനിടെ തിരുവനന്തപുരത്ത് അഭിഭാഷകനും ജീവനൊടുക്കി. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകൻ അനിൽ വി.എസിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ബാർ അസോസിയേഷന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ച ശേഷമാണ് ഇദ്ദേഹം ജീവനൊടുക്കിയത്. ടൂറിസം വകുപ്പിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം സര്‍വീസിൽ നിന്നും വിരമിച്ച ശേഷമാണ് അഭിഭാഷകനായി എൻറോൾ ചെയ്തത്. തുടര്‍ന്ന് പ്രാക്ടീസ് നടത്തി വരികയായിരുന്നു. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
