കാട്ടാക്കട അഞ്ചു തെങ്ങിൻമൂട്ടിൽ ഉത്സവ പരിപാടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന് മൂക്കിൽ ഏറു കിട്ടിയ സംഭവത്തിൽ പൊലീസ് പിടികൂടിയ യുവാക്കൾ പ്രതികളല്ലെന്നും കേസിൽ കുടുക്കിയതാണെന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളിൽ ഒരാളായ പ്രവണവിന്റെ അമ്മ ലതയുടെ പരാതി.
തിരുവനന്തപുരം: കാട്ടാക്കട അഞ്ചു തെങ്ങിൻമൂട്ടിൽ ഉത്സവ പരിപാടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന് മൂക്കിൽ ഏറു കിട്ടിയ സംഭവത്തിൽ പൊലീസ് പിടികൂടിയ യുവാക്കൾ പ്രതികളല്ലെന്നും കേസിൽ കുടുക്കിയതാണെന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളിൽ ഒരാളായ പ്രവണവിന്റെ അമ്മ ലതയുടെ പരാതി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ, എസ് സി എസ് ടി കമ്മീഷൻ, പൊലീസ് കംപ്ലൈന്റ്റ് അതോറിറ്റി എന്നിവർക്ക് ലത പരാതി നൽകി. ഇക്കഴിഞ്ഞ ഞായറാഴ്ച കാട്ടാക്കട കാട്ടാൽ ദേവി ക്ഷേത്രത്തിലെ തൂക്ക് മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി കളമായ അഞ്ചുതെങ്ങിൻമൂട്ടിൽ ആണ് സംഭവം നടന്നത്.
സംഘാടകരും പൊലീസും പറഞ്ഞത് ചെവിക്കൊള്ളാതെ പ്രണവ് ഉൾപ്പെടെയുളള യുവാക്കൾ സ്റ്റേജിനു മുന്നിൽ നൃത്തം ചെയ്യുകയായിരുന്നു. ഈ സമയം മറ്റൊരു ഭാഗത്ത് ചെറിയ തോതിൽ ഉന്തും തള്ളും നടക്കുകയും കാണികൾ ഇരിക്കുന്നതിന് പുറകിൽ നിന്നും വന്ന ഏറ് വെള്ളറട സ്വദേശിയും ആര്യനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമായ രാജേന്ദ്രന്റെ മുഖത്ത് കൊള്ളുകയും ചെയ്തു. ഇതോടെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസ് സംഘം ലാത്തി വീശി. എന്നാൽ പൊലീസിന് നേരെ കല്ലെറിഞ്ഞ യഥാർത്ഥ പ്രതികളെ ഒഴിവാക്കി മറുവശത്ത് ഡാൻസ് ചെയ്ത യുവാക്കളെ പൊലീസ് മർദ്ദിച്ചു വലിച്ചിഴച്ചു ജീപ്പിൽ കയറ്റി കൊണ്ട് പോകുകയാണ് ചെയ്തതെന്ന ആരോപണം ഉയരുകയാണ്.
ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കാട്ടാക്കട പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. അന്ന് സംഭവത്തിൽ പ്രായപൂർത്തി ആകാത്ത ഓരാൾ ഉൾപ്പെടെ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് നേരെ കല്ലേറ് വന്നതും സംഘർഷം ഉണ്ടായതും ഒരുവശത്തും പൊലീസ് പ്രതികളാക്കിയവർ നിന്നിരുന്നത് മറ്റൊരു വശത്തുമായിരുന്നു എന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണുന്നത്. യഥാർത്ഥ പ്രതികളെ അവരുടെ രാഷ്ട്രീയ സ്വാധീനം വെച്ച് പൊലീസ് സംരക്ഷിക്കുകയാണ് എന്നാണ് ലത നൽകിയ പരാതിയിൽ പറയുന്നത്.
