ഇയാൾക്കെതിരെ സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ കേസുകളെന്തെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കം അന്വേഷണം പൊലീസ് ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കോൺഗ്രസ് എസ് നേതാവായ യൂസ്ഡ് കാർ ഷോറൂം ഉടമ കൊച്ചിയില്‍ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അമൽ കെ സി എന്നയാളാണ് അറസ്റ്റിലായത്. കാറുകള്‍ വാങ്ങി മറിച്ച് വിറ്റിട്ടും പണം നല്‍കിയില്ലെന്ന് നിരവധി പേരുടെ പരാതിയിലാണ് പൊലീസ് നടപടി. നിരവധി പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചത്. 

സെക്കൻഹാന്‍റ് കാറുകൾ ഉടമകളിൽ നിന്നും വിൽപ്പന നടത്തി തരാമെന്ന ഉറപ്പിൽ വാങ്ങിയ ശേഷം, കാറുകൾ മറിച്ചു വിറ്റ്, കാറുടമകൾക്ക് പണം നൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്നാണ് അമലിനെതിരെയുള്ള പരാതി. പാലാരിവട്ടം ആലിൻചുവടിൽ എ ബി കാര്‍സ് എന്ന യൂസ്ഡ് കാർ ഷോറൂം നടത്തി വരികയായിരുന്നു ഇയാൾ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ മാത്രം അമലിനെതിരെ ആറു കേസുകൾ നിലവിലുണ്ട്.

ഇയാൾക്കെതിരെ സംസ്ഥാനത്തെ മറ്റു പൊലീസ് സ്റ്റേഷനുകളിൽ കേസുകളെന്തെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കം അന്വേഷണം പൊലീസ് ഉര്‍ജ്ജിതമാക്കിയിട്ടുണ്ട്. കാർ വിറ്റുതരാമെന്ന ഉറപ്പിലാണ് ഇയാൾ കൊണ്ടുപോകുക. ഷോറൂമുള്ളതിനാൽ ആളുകൾ വിശ്വസിക്കും. കാർ വിറ്റ ശേഷം പണം ചോദിച്ചാൽ ഇന്നുതരാം നാളെ തരാമെന്ന് പറ‍ഞ്ഞ് മുങ്ങുകയാണ് ഇയാളുടെ രീതിയെന്ന് ഇരകൾ പറയുന്നു. പാവപ്പെ‌ട്ട ആളുകളെ ഇയാൾ വിശ്വാസ വഞ്ചനയിലൂടെ പറ്റിക്കുകയാണെന്നും രണ്ടും മൂന്നും വർഷമായി ആർസി മാറ്റാതെ കബളിപ്പിക്കുകയാണെന്നും പൊലീസും പറഞ്ഞു. 

സാമ്പത്തിക തട്ടിപ്പുകേസിൽ കോൺ​ഗ്രസ് നേതാവായ യൂസ്ഡ് കാർ ഷോറൂം ഉടമ അറസ്റ്റിൽ |Congress | Kochi