ഇടുക്കി: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് കഴിയുന്നവ‍ർ‍ ദുരിതത്തിലായിരിക്കുകയാണ്. വ്യാജപ്രചാരണങ്ങൾക്കൊപ്പം റോഡുകളുടെ ശോച്യാവസ്ഥയാണ് മൂന്നാറിൽ നിന്ന് സഞ്ചാരികളെ അകറ്റുന്നത്.

2017ൽ 4.85 ലക്ഷം ആഭ്യന്തര സഞ്ചാരികളും 48,000 വിദേശികളുമാണ് മൂന്നാർ സന്ദര്‍ശിച്ചത്. കഴിഞ്ഞ വർഷം നീലക്കുറിഞ്ഞി പൂത്തപ്പോൾ പ്രതീക്ഷിച്ചത് എട്ട് ലക്ഷം സഞ്ചാരികളെയാണ്. എന്നാൽ ഓഗസ്റ്റിലെ മഹാപ്രളയം പ്രതീക്ഷകൾ തകർത്തു. 2018ൽ മൂന്നാറിലെത്തിയത് ഒരു ലക്ഷത്തോളം സഞ്ചാരികൾ മാത്രമാണ്.

പ്രളയക്കെടുതി മറികടന്ന് സഞ്ചാരികളെ മൂന്നാറിലേക്കെത്തിക്കാൻ ടൂറിസം ഓപ്പറേറ്റർമാരും ഹോട്ടലുകാരും പദ്ധതികൾ ആസൂത്രണം ചെയ്യുന്നിതിനിടെയാണ് വ്യാജപ്രചാരണം തിരിച്ചടിയാകുന്നത്. കഴിഞ്ഞ പ്രളയത്തിലെ ചിത്രങ്ങളും വീഡിയോകളും ഇത്തവണയും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതാണ് പ്രതിസന്ധി.

കൊച്ചി-ധനുഷ്കോടി ദേശീയപാതയടക്കം തകർന്ന് കിടക്കുന്നതും മൂന്നാറിൽ നിന്ന് സഞ്ചാരികളെ അകറ്റുന്നു. ഇത് നിമിത്തം ടൂർ ഓപ്പറേറ്റമാർ പാക്കേജിൽ നിന്ന് മൂന്നാർ ഒഴിവാക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവ് സന്ദര്‍ശകർ എത്തിയ സീസണുകളിലൂടെയാണ് മൂന്നാർ കടന്ന് പോകുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് മൂന്നാറിലെ ടൂറിസം രംഗത്തെ പിടിച്ച് നിര്‍ത്താൻ സര്‍ക്കാർ അടിയന്തര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം.