ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന പൂവാർ പൊഴിക്കര തീരത്തോടുള്ള അധികൃതരുടെ അവഗണന കാലങ്ങളായി തുടരുകയാണ്. ഇവിടെ സഞ്ചാരികളുടെ തിരക്ക് വർധിച്ച സമയത്ത് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്കായി ഒരു പാർക്ക് സ്ഥാപിച്ച് മതിൽകെട്ടി തിരിച്ചതൊഴിച്ചാൽ, വികസനം എന്നത് വാക്കിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.  

തിരുവനന്തപുരം: അപകടം പതിയിരിക്കുന്ന പൊഴിക്കര തീരത്ത് വികസനങ്ങൾ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുന്നു. ദിവസവും നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന പൂവാർ പൊഴിക്കര തീരത്തോടുള്ള അധികൃതരുടെ അവഗണന കാലങ്ങളായി തുടരുകയാണ്. ഇവിടെ സഞ്ചാരികളുടെ തിരക്ക് വർധിച്ച സമയത്ത് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് കുട്ടികൾക്കായി ഒരു പാർക്ക് സ്ഥാപിച്ച് മതിൽകെട്ടി തിരിച്ചതൊഴിച്ചാൽ, വികസനം എന്നത് വാക്കിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

മണൽ പരപ്പിന് ഒരുവശത്ത് ശക്തമായ തിരയുള്ള കടലും മറുവശത്ത് കണ്ടൽ കാടുകൾ ഉള്ള ജലപ്പരപ്പും ആണ് ഇവിടുത്തെ പ്രത്യേകത. കണ്ടൽ കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സർവീസും മറ്റും സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്നു. വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും നല്ല തിരക്ക് ആണ് അനുഭവപ്പെടുന്നത്. നെയ്യാറും കടലും ചേരുന്ന പൊഴിമുഖം ഏറെ അപകടം നിറഞ്ഞത് ആണ്. പുറമെ നോക്കിയാൽ സാധാരണ നിലയിലുള്ള കാണുന്ന പൊഴിക്ക് പക്ഷേ പ്രതീക്ഷിക്കുന്നതിലും ഇരട്ടി ആഴമാണ്. 

നിരന്തരം ഇവിടെ ഉണ്ടാവുന്ന അപകടങ്ങൾ തടയാൻ ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ല. മൂന്നുവർഷത്തിനിടെ പൊഴിക്കര തീരത്ത് പത്തിലധികം പേരാണ് മുങ്ങിമരിച്ചത്. തിരയിൽപ്പെടുന്നവരും നിരവധിയാണ്. ഇവിടെയുള്ള രണ്ട് ലൈഫ് ഗാർഡുകളുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ അപകടത്തിൽപ്പെടുന്ന പലർക്കും ജീവൻ തിരിച്ചു കിട്ടുന്നു. നീണ്ടു നിവർന്നു കിടക്കുന്ന തീരത്ത് ആകെ രണ്ടു ലൈഫ് ഗാർഡുമാരെ മാത്രം ആണ് നിയമിച്ചിട്ടുള്ളത്. ഇവർക്ക് മതിയായ സുരക്ഷ ഉപകരണങ്ങൾ നൽകാത്തതിനാൽ സ്വന്തം ജീവൻ പണയപ്പെടുത്തി ആണ് ഇവർ മറ്റുള്ളവരെ കൂടി രക്ഷപ്പെടുത്തുന്നത്. സഞ്ചാരികൾക്ക് അപകട മുന്നറിയിപ്പ് നൽകുന്നതിന് ആറിനു മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ സമൂഹവിരുദ്ധർ നശിപ്പിച്ചതായി പറയുന്നു. 

Read Also: വീട്ടിൽ നിന്നു പിണങ്ങിപ്പോയി ഒളിച്ചിരുന്നു; വിശപ്പ് സഹിക്കാനാവാതെ വിദ്യാര്‍ത്ഥി തിരിച്ചെത്തി