ചുമടെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
സഹപ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

മാനന്തവാടി: നഗരത്തില്‍ ചുമട് എടുക്കുന്ന ജോലി ചെയ്തിരുന്ന യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കല്യാണത്തും പള്ളിക്കല്‍ മഹല്ലില്‍ താഴെ ഭാഗം ചേമ്പിലോട് ജംഗ്ഷനില്‍ താമസിക്കുന്ന എടവെട്ടന്‍ ജാഫര്‍ (42) ആണ് മരിച്ചത്. മാനന്തവാടി നഗരത്തിലെ ചുമട്ടുത്തൊഴിലാളി യൂണിയന്‍ അംഗമായ ജാഫര്‍ രാവിലെ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
സഹപ്രവര്‍ത്തകരും വ്യാപാരികളും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മദാണ് ജാഫറിന്റെ പിതാവ്. മാതാവ് ആസിയ. ഭാര്യ: നജ്മത്ത്. ഇര്‍ഫാന്‍, റിഫ, റിദ എന്നിവര്‍ മക്കളാണ്. നസീറ, ഹസീന എന്നിവരാണ് സഹോദരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. ആലപ്പുഴ ലജനത്ത് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സനിൽ കുമാർ (37) ആണ് മരിച്ചത്. ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡരികിലെ കുഴിയിൽ വീഴുകയായിരുന്നു. ശേഷം ബൈക്ക് ഫുട്ട് പാത്തിലേക്ക് വീണു. സനിൽ കുമാർ റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് തെക്കു നിന്ന് വന്ന വലിയ കണ്ടെയ്നർ ട്രെയിലർ ഇടിച്ചാണ് അപകടം ഉണ്ടായത്. ചന്തിരൂർ പുതിയ പാലത്തിന് തെക്കുഭാഗത്ത് അൽ അമീൻ പബ്ലിക് സ്കൂൾ സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. പ്രദേശത്ത് ആകാശപാത നിർമിക്കുന്നതിനാൽ റോഡിന്റെ പകുതി ഭാഗം ബാരിക്കേഡ് വച്ച് മറച്ചിരിക്കുകയാണ്. അതിനാൽ റോഡിന് വീതി കുറവാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന സ്ഥലത്ത് കുഴിച്ച കുഴി മൂടാതെ കിടന്നിരുന്നു. ആ കുഴിയിലാണ് ബൈക്ക് വീണത്. സമീപത്ത് സ്കൂൾ ഉള്ളതിനാൽ ട്രാഫിക് വാർഡനെ നിയോഗിച്ചിരുന്നു. എന്നാൽ അപകട സമയത്ത് ഇവിടെ ട്രാഫിക് വാർഡന്‍ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. പരേതനായ കൈലാസ് ബാബുവിന്‍റെയും പത്മാക്ഷിയുടെയും മകനാണ് സനിൽ. മൃതദേഹം അരുക്കുറ്റി സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.