Asianet News MalayalamAsianet News Malayalam

​ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കിയ സംഭവം; പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട് പുറത്ത്

തിരുവനന്തപുരത്ത് ​ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം  റിപ്പോർട്ട്

postmortem report for pregnant cat kill in thiruvananthapuram
Author
Thiruvananthapuram, First Published Nov 16, 2019, 3:27 PM IST

വഞ്ചിയൂർ: തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴുത്തിൽ കെട്ടിയ കുരുക്കിൽ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർ‌ട്ട് ലഭിച്ചത്. അതേസമയം, പൂച്ചയുടെ ആന്തരികാവയവ പരിശോധനാഫലം ലഭിച്ചിട്ടില്ല. വിഷം നൽകിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് ആന്തരികാവയവങ്ങൾ പരിശോധനക്കായി അയച്ചത്.

കഴിഞ്ഞ ‍‍‍ഞായറാഴ്ചയാണ് പാല്‍ക്കുളങ്ങരയില്‍ ക്ലബ്ബ് കെട്ടിടത്തിൽ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃഗാവകാശ പ്രവര്‍ത്തകരുടെ പരാതിയില്‍ വഞ്ചിയൂർ പൊലീസ് കേസെടുക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മൃഗാവകാശ പ്രവര്‍ത്തക പാര്‍വ്വതി മോഹനാണ് സംഭവം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. പൊലീസിനെ വിവരമറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ തയ്യാറായില്ലെന്ന് പാര്‍വ്വതി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. 

Read More: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നു; പൊലീസ് കേസെടുത്തു

അതേസമയം, പൂച്ചയെ കൊന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ക്ലബ്ബ് ഭാരവാഹികളുടെയും സമീപവാസികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ സംഭവ ദിവസം സ്ഥലത്തില്ലായിരുന്നുവെന്ന മറുപടിയാണ് ക്ലബ്ബ് ഭാരവാഹികൾ നൽകിയതെന്നാണ് വിവരം.

​ഗർഭിണിയായ പൂച്ചയോട് കാണിച്ചത് കൊടും ക്രൂരതയാണെന്ന് മൃഗാവകാശ പ്രവര്‍ത്തകർ പറയുന്നു. മദ്യപിച്ചെത്തിയ ചിലരാണ് പൂച്ചയെ കൊല്ലാൻ നേതൃത്വം നൽകിയതെന്നും അവർ ആരോപിക്കുന്നു. സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios