ആലപ്പുഴയിൽ കാർ മേൽപ്പാലത്തിൽനിന്ന് താഴേക്ക് പതിച്ച് അപകടം. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപ്പാലത്തിൽ തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ ആണ് അപകടം.

ചേർത്തല: ആലപ്പുഴയിൽ മേൽപ്പാലത്തിൽനിന്ന് കാർ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ദേശീയപാതയിൽ ഒറ്റപ്പുന്ന മേൽപ്പാലത്തിലാണ് അപകടമുണ്ടായത്. ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊല്ലം അഞ്ചൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ അപകടത്തിൽപെട്ടത്.

എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്ക് പോകവെ ഒറ്റപ്പുന്ന മേൽപ്പാലത്തിലേക്ക് കയറി 100 മീറ്ററോളം മുകളിലെത്തിയപ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിന്റെ കൈവരിക്കായി സ്ഥാപിച്ച കമ്പികളിൽ തട്ടിയാണ് കാർ താഴേക്ക് പതിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

അപകടം കണ്ട് ഓടിക്കൂടിയ യാത്രക്കാരും നാട്ടുകാരും വിവരമറിഞ്ഞ് ചേർത്തലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻതന്നെ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ യുവതിയുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും ചേർത്തല പൊലീസ് അറിയിച്ചു.