ആലപ്പുഴ ഹരിപ്പാട് കളരിയിൽ പഠിക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശാന് കഠിന തടവും പിഴയും. കളരി ഗുരുവായ പ്രദീപി (47) നാണ് ശിക്ഷ. ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ആണ് ശിക്ഷിച്ചത്.

ഹരിപ്പാട്: കളരിയിൽ പഠിക്കാനെത്തിയ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ആശാന് കഠിന തടവും പിഴയും. കളരി ഗുരുവായ കരുവാറ്റവടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ പ്രദീപി (47) നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും പിഴ ഒടുക്കാത്ത പക്ഷം 14 മാസം അധിക തടവുമാണ് ശിക്ഷ.

2025 ഫെബ്രുവരി മാസത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്ഐ ആയിരുന്ന ഹാഷിം കെ എച്ച് ആണ്. എസ്ഐ അനീഷ് കെ ദാസ്, സീനിയർ സിപിഒ മുഹമ്മദ് ഷഫീഖ്, സിപിഒമാരായ ജയിംസ്, അനു ആൻ്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണത്തെ സഹായിച്ചു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രഘു എസ് ഹാജരായി. എഎസ്ഐമാരായ വാണി പീതാംബരൻ, സതീഷ് കെ സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.