Asianet News MalayalamAsianet News Malayalam

സ്ത്രീയുമായി മൽപ്പിടിത്തം, താഴെ വീണു, സുരേന്ദ്രൻ എഴുന്നേറ്റില്ല; ഇടുക്കി മരണത്തിൽ പോസ്റ്റ്മോര്‍ട്ടം നിര്‍ണായകം

മുള്ളരിങ്ങാട് വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ എഴുപത്തിയേഴുകാരൻ മരിച്ച വാര്‍ത്ത് ഇന്ന് പുറത്തുവന്നിരുന്നു.  

Postmortem report is crucial in the death of 77 year old man in Idukki
Author
First Published Apr 10, 2024, 7:32 PM IST

ഇടുക്കി: മുള്ളരിങ്ങാട് വഴി തർക്കത്തെ തുടർന്നുണ്ടായ മൽപ്പിടുത്തതിനിടെ എഴുപത്തിയേഴുകാരൻ മരിച്ച വാര്‍ത്ത് ഇന്ന് പുറത്തുവന്നിരുന്നു.  മുള്ളരിങ്ങാട് സ്വദേശി  പുത്തൻപുരയിൽ സുരേന്ദ്രനായിരുന്നു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ദേവകി പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. മുള്ളരിങ്ങാട് ദേവകിയുടെ വീടിനു മുന്നിലൂടെയുള്ള വഴിയിലൂടെ സുരേന്ദ്രൻ സഞ്ചരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ഇരുവര്‍ക്കും ഇടയിൽ തർക്കമുണ്ടായിരുന്നു. പലതവണ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വഴക്കും ഉണ്ടായിട്ടുണ്ട്. 

രാവിലെ 11 മണിയോടെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച ശേഷം ഓട്ടോറിക്ഷയിൽ സുരേന്ദൻ ഇതു വഴിയെത്തി. വീടിനടുത്ത് എത്താറായപ്പോൾ ദേവകി ഓട്ടോ റിക്ഷ തടഞ്ഞു നിർത്തി. പുറത്തിറങ്ങിയ സുരേന്ദ്രനുമായി വാക്കു തർക്കമുണ്ടായി. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങുന്നതിനിടെ ഓട്ടോറിക്ഷയുമായി ഡ്രൈവർ തിരികെ പോയി. 

സമീപത്ത് കിടന്ന കമ്പുപയോഗിച്ച് തന്നെ സുരേന്ദ്രൻ അടിച്ചെന്നുമാണ് ദേവകി പൊലീസിനു നൽകിയിരുക്കുന്ന മൊഴി. തുടർന്നുണ്ടായ മൽപ്പിടിത്തത്തിനിടെ ഇരുവരും താഴെ വീണു.  ഈസമയം വഴിയിൽ കിടന്ന പനയോലയുടെ കഷ്ണം ഉപയോഗിച്ച് സുരേന്ദ്രൻ തന്നെ മർദ്ദിച്ചുവെന്നും ഇത് പിടിച്ചു വാങ്ങി  തിരിച്ച് സുരേന്ദ്രനെ അടിച്ചവെന്നുമാണ് ദേവകിയുടെ മൊഴി. തുടർന്നുണ്ടായ മൽപ്പിടിത്തത്തിനിടെ ഇരുവരും താഴെ വീണു.

ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാൽ സുരേന്ദ്രന് എഴുന്നേൽക്കാനായില്ല. ഏറെ നേരം സുരേന്ദ്രൻ റോഡിൽ കിടന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന്  വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡൻറെത്തി പൊലീസിനെ  വിളിച്ച് ആംബുലൻസ് വരുത്തിയാണ്  തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്.  അപ്പോഴേക്കും മരിച്ചിരുന്നു. വാർധക്യ സഹജമായ അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നയാളാണ് സുരേന്ദ്രൻ. 

ആസ്വഭാവിക മരണത്തിന് കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വീണപ്പോഴുണ്ടായ പോറലുകളും വെയിലേറ്റ് കിടന്നുണ്ടായ പൊള്ളലും മാത്രമാണ്   ശരീരത്തിലുള്ളതെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. മർദ്ദനത്തിൽ പരുക്കേറ്റ ദേവകിയും ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.

വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: പൊലീസുകാരനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ 4 പ്രതികൾ കുറ്റക്കാരെന്ന് എൻഐഎ കോടതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios