ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനിടെ മണ്ണെണ്ണ കുടിച്ചു; പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍
പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസുകാരാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്

തൃശൂര്‍: ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തിടെ മണ്ണെണ്ണ കുടിച്ച പൂര്‍ണ ഗര്‍ഭിണിയായ യുവതി ആശുപത്രിയില്‍. വഴക്കിനിടെ ഇവര്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ യുവതിയെയാണ് അവശ നിലയില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പഴഞ്ഞി ജെറുസലേമില്‍ താമസിക്കുന്ന കുമലിയാര്‍ അരുണിന്റെ ഭാര്യ നദിയെ (27) ആണ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. തെരുവ് സര്‍ക്കസുകാരായ യുവതിയും ഭര്‍ത്താവും അഞ്ചു ദിവസം മുമ്പാണ് പഴഞ്ഞിയില്‍ എത്തിയത്. പൂര്‍ണ ഗര്‍ഭിണിയായ യുവതി മണ്ണെണ്ണ ശരീരത്തിലൂടെ ഒഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ കുന്നംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷംനാദ്, വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. യുവതിയുടെ ആരോഗ്യനില വഷളായതോടെ തുടര്‍ ചികിത്സയ്ക്കായി പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് യുവതി സ്വയം ശരീരത്തിലൂടെ മണ്ണെണ്ണ ഒഴിക്കുകയും കുടിക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ജെസിബിക്കും രക്ഷയില്ല, മലപ്പുറത്ത് വിലസി ഡീസല്‍ മോഷ്ടാക്കള്‍; ഇനാം പ്രഖ്യാപിച്ച് കാത്തിരുന്നിട്ടും ഫലമില്ല
മലപ്പുറം: ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ വീണ്ടും വ്യാപക ഡീസൽ മോഷണം. ആറ് വരിപ്പാത നിർമാണം നടക്കുന്ന രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ വ്യാപകമായ ഇന്ധന മോഷണം നടക്കുന്നുവെന്നാണ് പരാതി. 1750 ലിറ്റര്‍ ഡീസലാണ് മോഷണം പോയത്. പൊന്നാനി മേഖലയിലാണ് കൂടുതലും ഇന്ധന മോഷണം നടന്നത്. പ്രദേശങ്ങളിലെ സിസിടിവി പരിശോധിച്ചതിൽ നിന്ന് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനങ്ങളില്‍ എത്തിയവരാണ് ഡീസൽ ചോർത്തിയിട്ടുള്ളതെന്ന് കണ്ടെത്തി.
നേരത്തെ കമ്പികളും ഡീസലും മോഷണം പോകുന്ന സാഹചര്യത്തിൽ മോഷണ തെളിവുകൾ ചൂണ്ടിക്കാട്ടുന്നവർക്ക് നിർമാണ കമ്പനി ഇനാം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് പൊന്നാനി, കുറ്റിപ്പുറം ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിർമാണ കമ്പനി പരാതിയും നൽകിയിരുന്നു. നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിർ നിന്നാണ് ഡീസൽ മോഷണം പോകുന്നത്. വലിയ ലോറികളും മണ്ണുമാന്തി യന്ത്രവും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നാണ് രാത്രിയിൽ ഇന്ധനം നഷ്ടമാവുന്നത്. കൂടാതെ ജനറേറ്റർ ബാറ്ററിയും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നിൽ ഏതെങ്കിലും സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തിൽ സൈബർ സെല്ലിലും പരാതി എത്തിയിട്ടുണ്ട്.