അമ്പലപ്പുഴ മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് രണ്ട് സ്വർണമാലകൾ മോഷ്ടിച്ച് പകരം മുക്കുപണ്ടം ചാർത്തിയ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ഒരു സ്വർണാഭരണശാലയിൽനിന്ന് പൊലീസ് തൊണ്ടിമുതൽ കണ്ടെടുത്തു.  

അമ്പലപ്പുഴ: മൂടാമ്പാടി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയിൽനിന്ന് താലിയോടുകൂടിയ രണ്ട് സ്വർണമാലകൾ കവർന്ന് പകരം മുക്കുപണ്ടം ചാർത്തിയ കേസിൽ സ്വർണം പൊലീസ് കണ്ടെടുത്തു. അമ്പലപ്പുഴ സിഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാടുള്ള സ്വർണാഭരണശാലയിൽനിന്നാണ് മാലകൾ കണ്ടെടുത്തത്. കേസിലെ പ്രതിയായ ക്ഷേത്രം പൂജാരി പാലക്കാട് പട്ടാമ്പി സ്വദേശി ശ്രീകുമാറുമായി (46) നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതൽ കണ്ടെത്തിയത്.

രണ്ടര ലക്ഷം രൂപ വിലവരുന്ന 17 ഗ്രാം സ്വർണാഭരണങ്ങളാണ് ശ്രീകുമാർ കവർന്നത്. ഇയാൾ പതിവായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ ക്ഷേത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് വിഗ്രഹത്തിൽ സ്വർണത്തിന് പകരം മുക്കുപണ്ടം ചാർത്തിയതായി കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഒമ്പത്ം എട്ടും ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ പ്രതി പട്ടാമ്പിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഭാര്യയുടെ പേരിൽ 35,000 രൂപയ്ക്ക് പണയം വെച്ചിരുന്നു. പിന്നീട് പണയത്തുകയടച്ച് തിരിച്ചെടുത്ത സ്വർണം പാലക്കാടുള്ള സ്വർണാഭരണശാലയിൽ വിൽക്കുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ വീണ്ടും റിമാൻഡ് ചെയ്തു.