പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോഴിക്കോട് സ്വദേശിയായ പൂജാരിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും. പൂജക്ക് ശേഷം കര്‍മ്മം പൂര്‍ത്തിയാക്കാനെന്ന വ്യാജേന കുട്ടിയെ പുറത്തേക്ക് കൊണ്ടുപോയി അതിക്രമം നടത്തുകയായിരുന്നു.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മന്ദരത്തൂര്‍ സ്വദേശി രാമദാസനെ (51) യാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ മേനോനാണ് ശിക്ഷ വിധിച്ചത്.
2024 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പൂജ ചെയ്യാന്‍ എത്തിയതായിരുന്നു പ്രതി. പൂജ കഴിഞ്ഞ ശേഷം കര്‍മ്മം പൂര്‍ത്തിയാക്കാന്‍ എന്ന പേരില്‍ കുട്ടിയെ ഇയാള്‍ വീടിന്റെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയും ചെയ്തു എന്നായിരുന്നു കേസ്. പിന്നീട് കുട്ടി കൗണ്‍സിലിംഗിനിടെയാണ് വിവരം തുറന്നു പറഞ്ഞത്. കൗണ്‍സിലിംഗ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിഴത്തുക പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.
വടകര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ പവനന്‍ എം സി, രഞ്ജിത്ത് എംകെ, ശ്രീജ എന്നിവരാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ ഹാജരായി.
