ചേർത്തല-വൈറ്റില റൂട്ടിൽ ഓടുന്ന എൻ.എം ബസിലെ ലഹരി വിൽപ്പന; ഹാൻസ് വാങ്ങിയത് വൈറ്റിലയിൽ നിന്ന്, പരിശോധന തുടരും
ഫയർ ഫോഴ്സ് ഡിജിപി പത്മകുമാറിന്റെ ഡ്രൈവർ ഗോപേശാനന്തന്‍റെ ഭാര്യയുടെ പേരിലാണ് ബസ്. ബസിന്‍റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ചേർത്തല: സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത ലഹരി ഉൽപന്നങ്ങളുടെ വിൽപന കണ്ടെത്തിയ സംഭവത്തിൽ പരിശോധന ശക്തമാക്കുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ചേർത്തല- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എൻ.എം എന്ന ബസിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഫയർ ഫോഴ്സ് ഡിജിപി പത്മകുമാറിന്റെ ഡ്രൈവർ ഗോപേശാനന്തന്‍റെ ഭാര്യയുടെ പേരിലാണ് ബസ്.
ബസിന്‍റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പരിശോധനയിൽ ബസിൽ നിന്നും മുപ്പത് പായ്ക്കറ്റ് ഹാൻസ് ആണ് കണ്ടെത്തിയത്. പിന്നാലെ ബസും, എഴുപുന്ന സ്വദേശിയായ ഡ്രൈവർ അനിൽകുമാറിനെയും കണ്ടക്ടർ പ്രേംജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത നിരോധിത പുകയില ഉത്പന്നങ്ങളുടെ അളവ് കുറവായതിനാൽ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വൈറ്റിലയിൽ നിന്നാണ് ഇവ വാങ്ങിയതെന്നാണ് ബസ് ജീവനക്കാരുടെ മൊഴി.
ചേർത്തല-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന എൻഎം എന്ന ബസിൽ സ്ഥിര യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ വിൽക്കുന്നുണ്ടെന്ന പരാതിയിലായിരുന്നു പൊലീസ് ബസ് തടഞ്ഞ് പരിശോധിച്ചത്. വരും ദിവസങ്ങളിലും ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായുള്ള പരിശോധനകൾ ജില്ലയിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Read More : ഇന്നോവ കാറിലെത്തിയ യുവാക്കൾ, ചെങ്ങന്നൂരിൽ പരിശോധന കണ്ട് വണ്ടിനിർത്തി ഓടി; കിട്ടിയത് 6.5 കിലോ കഞ്ചാവ്
