കൊല്ലത്ത് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. വടക്കുംഭാഗം സ്വദേശി അനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ കിളികൊല്ലൂർ സ്വദേശി ജ്യോതി കുമാറിനെ ആണ് കോടതി ശിക്ഷിച്ചത്.
കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. വടക്കുംഭാഗം ജ്യോതിസ് വീട്ടിൽ അനിൽ കുമാറിനെ (49) കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം കുറ്റിയിൽ കിഴക്കേതിൽ വീട്ടിൽ ജ്യോതി കുമാറിനെ (53) കൊല്ലം അഡീഷണൽ സെഷൻ കോടതി ജഡ്ജി സി എം സീമ ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കി ഇല്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം.
2020 സെപ്റ്റംബർ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ ഇരുവരും ചേർന്ന് അനിൽകുമാറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഷെയർപണത്തെ ചൊല്ലി തർക്കം ഉണ്ടായത്. തർക്കത്തിനിടെ ജ്യോതികുമാർ ഇരുചക്ര വാഹനത്തിന്റെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സനിൽകുമാറിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ രാജേഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂഷൻ ജയകുമാർ കെ കെ കുന്നത്തൂർ ഹാജരായി.


