കെഎസ്ആർടിസിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. നഷ്ടം തടയാൻ ചില നിർദേശങ്ങൾ മുന്നോട്ടുവച്ചു.
കൊച്ചി: സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ പെരുമ്പാവൂരിൽ നടക്കും. രാവിലെ 10ന് മനോജ് മൂത്തേടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ സൗജന്യ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഗ്രാമീണ റൂട്ടുകളിൽ പദ്ധതി ഒഴിവാക്കുക, അർഹരായവർക്ക് മാത്രം ആനുകൂല്യം ലഭിക്കുന്ന രീതിയിൽ പിങ്ക് ബസുകൾ ഏർപ്പെടുത്തുക, സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ് സംവിധാനം നടപ്പാക്കി നഷ്ടപരിഹാരം സർക്കാർ നൽകുക എന്നിവയാണ് സംഘടന ഉന്നയിക്കുന്ന ആവശ്യങ്ങൾ.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ഒരു മാസം പിന്നിട്ടതോടെ ജില്ലയിലെ 1200ഓളം സ്വകാര്യ ബസുകളും തൊഴിലാളികളും പ്രതിസന്ധിയിലായതായി ഭാരവാഹികൾ പറഞ്ഞു. ഗ്രാമ-നഗര റൂട്ടുകളിൽ ദിവസവും 1000 മുതൽ 4000 രൂപ വരെ കളക്ഷൻ കുറയുകയാണ്. ഡീസൽ ചെലവും ജീവനക്കാരുടെ ശമ്പളവും കണ്ടെത്താൻ കഴിയാത്തതിനാൽ പല ബസുകളും ഉച്ചതിരിഞ്ഞുള്ള സർവീസുകൾ ഒഴിവാക്കുന്ന സാഹചര്യമാണെന്നും അവർ വ്യക്തമാക്കി.
ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായി പല ബസുകളിലും ഡോർ ചെക്കർമാരെ ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച നികുതിയിളവിലൂടെ ഒരു ദിവസം 108 മുതൽ 150 രൂപ വരെ മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ ബസുകൾക്ക് മാസം ഏകദേശം 50,000 രൂപ വരെ വായ്പ തിരിച്ചടവും മറ്റ് ചെലവുകളും ഉണ്ടാകുന്നതിനാൽ ഈ ഇളവ് പ്രയോജനകരമല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സൗജന്യ യാത്ര കാരണം വരുമാനം കുറഞ്ഞതോടെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രശ്നപരിഹാരത്തിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കൺവെൻഷന് പിന്നാലെ ജൂലൈ 27ന് കോതമംഗലം, 28ന് മൂവാറ്റുപുഴ, 29ന് കൊച്ചി, 30ന് പിറവം, 31ന് അങ്കമാലി, ഓഗസ്റ്റ് മൂന്നിന് കാക്കനാട് എന്നിവിടങ്ങളിൽ ധർണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
