മാനന്തവാടി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ ഇന്ന് രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാന്‍ കോടതി പോലീസിന് അനുമതി നല്‍കിയിരുന്നു.

കോഴിക്കോട്: കോടികളുടെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലായ തിരുവനന്തപുരം സ്വദേശിനി പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത തിരുവമ്പാടി പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയത്. മാനന്തവാടി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന യുവതിയെ ഇന്ന് രാവിലെ പത്ത് മുതല്‍ അഞ്ച് വരെ ചോദ്യം ചെയ്യാന്‍ കോടതി പൊലീസിന് അനുമതി നല്‍കിയിരുന്നു.

തിരുവമ്പാടി സ്വദേശിയുടെ 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ പരാതിക്കാരന്റെ ആരോപണം പൂര്‍ണമായും നിഷേധിച്ചു. ഇയാള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കിയിട്ടുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇവരുടെ ബാങ്ക് രേഖകളും മൊബൈലിലൂടെ പണമിടപാട് നടത്തിയതിന്റെ രേഖകളും ഉടന്‍ പരിശോധിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 

കസ്റ്റഡി സമയം വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചതോടെ പ്രിയങ്കയെ തിരികേ മാനന്തവാടി ജയിലിലേക്ക് തന്നെ കൊണ്ടുപോയി. അറസ്റ്റിലായ സാഹചര്യത്തില്‍ ഇവര്‍ക്കെതിരേ കേസ് നിലവിലുള്ള മറ്റ് പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലിസ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രേഡിംഗിലൂടെ വന്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇവര്‍ പണം കൈക്കലാക്കിയിരുന്നത്. 

കടവന്ത്രയില്‍ ട്രേഡിംഗ് ബിസിനസ് സ്ഥാപനം ഉണ്ടെന്നായിരുന്നു ഇവരുടെ അവകാശവാദം. പ്രിയങ്കയുടെ അമ്മയും സഹോദരന്‍ രാജീവും ആണ്‍ സുഹൃത്ത് ഷംനാസും കൃത്യത്തില്‍ പങ്കാളികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കൂടാതെ കരമന, കടവന്ത്ര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലും പ്രിയങ്കയുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. തിരുവമ്പാടി എസ് ഐ അരവിന്ദന്‍, എ.എസ്.ഐ സിന്ധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് എറണാകുളത്ത് എത്തി ഇവരെ അറസ്റ്റ് ചെയ്തത്.

30 വയസിനുള്ളിൽ പ്രിയങ്ക തട്ടിയത് കോടികള്‍, ആഡംബര ജീവിതം, തിരുവനന്തപുരം സ്വദേശിയെ പിടിച്ചത് തിരുവമ്പാടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം