Asianet News MalayalamAsianet News Malayalam

അമൃതംപൊടി വിതരണത്തില്‍ അഴിമതി; ബിജെപി ഭരിക്കുന്ന വെങ്ങാനൂരില്‍ പ്രതിഷേധം

വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കുള്ള 1172 കിലോഗ്രാം അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയത്.  2019 ഏപ്രിൽ മാസത്തിൽ ഗ്രാമ പഞ്ചായത്ത് അങ്കണവാടികളിലേക്കായി വിതരണം ചെയ്യാൻ 1172 കിലോ അമൃതം പൊടി വാങ്ങിയെങ്കിലും ഇത് വിതരണം ചെയ്യാതെ തിരിമറി നടത്തിയെന്നാണ്‌ കണ്ടെത്തിയത്.

protest against bjp ruled panchayat for amrutham powder scam
Author
Venganoor, First Published Oct 9, 2019, 5:21 PM IST

തിരുവനന്തപുരം: ബിജെപി ഭരിക്കുന്ന വെങ്ങാനൂർ പഞ്ചായത്തിൽ കുട്ടികൾക്കും ഗർഭിണികൾക്കും അങ്കണവാടികൾ വഴി നൽകുന്ന അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് നടത്തിയെന്ന വിജിലൻസ് കണ്ടെത്തിയതോടെ ഡിവൈഎഫ്ഐ, കോണ്‍ഗ്രസ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഞ്ചായത്തിലെ 34 അങ്കണവാടികളിലേക്കുള്ള 1172 കിലോഗ്രാം അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയത്.  

2019 ഏപ്രിൽ മാസത്തിൽ ഗ്രാമ പഞ്ചായത്ത് അങ്കണവാടികളിലേക്കായി വിതരണം ചെയ്യാൻ 1172 കിലോ അമൃതം പൊടി വാങ്ങിയെങ്കിലും ഇത് വിതരണം ചെയ്യാതെ തിരിമറി നടത്തിയെന്നാണ്‌ വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണ സാധനങ്ങളുടെ വിതരണം രേഖപ്പെടുത്തുന്ന രജിസ്റ്റർ വർഷങ്ങളായി ഐസിഡിഎസ് സൂപ്പർവൈസർമാർ പരിശോധിക്കുന്നില്ല.

ഓരോ മാസവും നിർബന്ധമായും ഒരു പ്രാവശ്യമെങ്കിലും കൂടേണ്ട അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻഡ് സപ്പോർട്ടിങ് കമ്മിറ്റി യഥാർത്ഥത്തിൽ കൂടാതെ കൂടി എന്ന് രേഖപ്പെടുത്തുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന് പുറമെ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നു,

ലൈഫ് പദ്ധതി അട്ടിമറിക്കുന്നു, പനങ്ങോഡ് അമരവിള റോഡ് നിർമാണത്തിൽ ക്രമക്കേട് കാണിച്ചു, തെരുവുവിളക്കുകൾ നന്നാകുന്നില്ല, കോഴിവളർത്തൽ പദ്ധതി നാലു വർഷമായും പൂർത്തിയാക്കാൻ കഴിഞ്ഞില്ലായെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിജെപി പ്രവർത്തകരുടെ വീട്ടിൽ മാത്രമാണ് പദ്ധതി ഇതുവരെ പൂർത്തിയാക്കിയതെന്നും ആരോപിച്ചാണ് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചത്. വെങ്ങാനൂർ ഗ്രാമപഞ്ചായത് ഭരണസമിതിയുടെ ക്രമകേടുകളിൽ വിജിലൻസ് അന്വേഷണം വേണമെന്നും ഇരുവിഭാഗം പ്രവർത്തകരും ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയുടെ പഞ്ചായത്ത് ഓഫീസ് ഉപരോധം സിപിഎം കോവളം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. പി.എസ് ഹരികുമാർ ഉദ്‌ഘാടനം ചെയ്തു.

യോഗി ആദിത്യനാഥിന്റെ പിന്മുറക്കാരാണ് വെങ്ങാനൂരിലെ ബിജെപി ഭരണസമിതിയെന്ന് അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിക്കുന്നവരെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുമെന്നും ഹരികുമാർ പറഞ്ഞു.  അവധി ദിനമായ ഇന്നലെ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും വിളിച്ചു ചേർത്ത അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടെയും യോഗം പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞിരുന്നു.

അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം നടക്കുന്നതിനാൽ ബന്ധപ്പെട്ട രേഖകൾ തിരുത്താനാണ് പൊതു അവധി ദിനമായ ഇന്നലെ അങ്കണവാടി വർക്കർമാരുടേയും ഹെൽപ്പർമാരുടെയും  രഹസ്യയോഗം നടത്താൻ ശ്രമിച്ചതെന്ന് ഹരികുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് എൽഡിഎഫ് അംഗങ്ങൾ എത്തിയാണ് ഇന്നലെ ഈ യോഗം തടസപ്പെടുത്തിയത്. കോണ്‍ഗ്രസിന്‍റെ പഞ്ചായത്ത് ഓഫീസ് ഉപരോധം കെപിസിസി അംഗവും യുഡിഎഫ് കോവളം നിയോജക മണ്ഡലം കമ്മിറ്റി ചെയർമാനുമായ കോളിയൂർ ദിവാകരൻ നായർ ഉദ്‌ഘാടനം ചെയ്തു.

പഞ്ചായത്തിൽ ബിജെപി തൊടുന്നത് എല്ലാം അവർക്ക് പൊന്നാണെന്നു അദ്ദേഹം പറഞ്ഞു. ഒടുവിൽ കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ വരെ കൈയിട്ടുവാരിയ ബിജെപി അംഗങ്ങൾക്കെതിരെ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വെങ്ങാനൂർ പഞ്ചായത്തിലെ  അമൃതം പൊടി വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയെന്ന പ്രതിപക്ഷ ആരോപണം വാസ്തവ വിരുദ്ധമാണന്ന് പഞ്ചായത്ത്
പ്രസിഡൻറ് ജി എസ് ശ്രീകല പറഞ്ഞു.

അതിയന്നൂർ ബ്ലോക്കിന് കീഴിലെ ക്ളസ്റ്ററുകളിൽ വിതരണം ചെയ്ത അമൃതം പൊടി രേഖപ്പെടുത്തുന്നതിൽ വന്ന വീഴ്ചയാണ് ക്രമക്കേട് എന്ന് തെറ്റിദ്ധരിക്കാൻ കാരണമെന്നാണ് മനസിലാക്കുന്നത്. ഇതിന് പഞ്ചായത്തുമായി ബന്ധമില്ല. പഞ്ചായത്തിൽ ഒരു ക്രമക്കേടും നടന്നിട്ടില്ല. ഇതിന്‍റെ പൂർണ വിവരങ്ങൾ  കൈവശമുണ്ട്. ഇത് ഉറപ്പ് വരുത്താനാണ് ഇന്നലെ അവധി ദിനമായിട്ടും ജീവനക്കാരെ വിളിച്ചു വരുത്തിയത്. തെറ്റായ പ്രചരണം നടത്തി ഭരണസമിതിക്കെതിരെ പ്രതിഷേധ സമരം  നടത്താനുള്ള അവസരമായി പ്രതിപക്ഷം ഇതിനെ വിനിയോഗിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios