വര്‍ഷങ്ങള്‍ക്കു മുമ്പ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന 52 സെന്റ് റവന്യൂ ഭൂമിയിലെ 25 സെന്റ് വസ്തുവാണ് സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്

ഇടുക്കി: മുണ്ടിയെരുമയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് മുണ്ടിയെരുമ പൗരസമിതിയുടെ നേതൃത്വത്തില്‍ പാമ്പാടുംപാറ വില്ലേജ് ഓഫീസ് ഉപരോധിച്ചു. മുണ്ടിയെരുമയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന 52 സെന്റ് റവന്യൂ ഭൂമിയിലെ 25 സെന്റ് വസ്തുവാണ് സ്വകാര്യ വ്യക്തിക്ക് നല്‍കാന്‍ റവന്യൂ അഡീഷണല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

മുണ്ടിയെരുമയുടെ വികസനത്തിനും, സര്‍ക്കാര്‍ ഓഫീസുകളുടെ നിര്‍മാണത്തിനും നീക്കിവെച്ചിരുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയതെന്ന് അരോപിച്ചാണ് പൗരസമിതി സമരം നടത്തുന്നത്. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ 12ന് ഉടുമ്പന്‍ചോല താലൂക്ക് ഓഫീസിലേക്കും 19ന് കളക്ടറേറ്റിലേക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം.

രാവിലെ 11ന് പാമ്പാടുംപാറ വില്ലേജ് ഓഫീസ് പടിക്കല്‍ നടന്ന ഉപരോധ സമരം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ജോയി കുന്നുവിള അധ്യക്ഷനായി. കെ ആര്‍ സുകുമാരന്‍നായര്‍, എം സുകുമാരന്‍, യുപി ശങ്കരക്കുറുപ്പ്, അജയകുമാര്‍ പിള്ള, കെ ആര്‍ സുനില്‍കുമാര്‍, എം എ വാഹിദ്, ജി ജീവന്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.