കോഴിക്കോട്: തിക്കോടിയില്‍ ജനവാസ മേഖലയിലൂടെ അതിവേഗ റെയില്‍ പദ്ധതി വരുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നന്തി മുതല്‍ തിക്കോടി വരെ നിരവധി പേര്‍ക്കാണ് പദ്ധതി വരുന്നതോടെ വീടുകള്‍ നഷ്ടമാകുക. നേരത്തെയുള്ള അലൈന്‍മെന്‍റ് മാറ്റിയതാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

കോഴിക്കോട് തിക്കോടിയിലെ കല്യാണിക്കുട്ടിയുടെ വീട്ടുമതിലില്‍ തന്നെയുണ്ട് പ്രതിഷേധം. അതിവേഗ റെയില്‍ വരുന്നതോടെ ഇവരുടേതടക്കം ഇരുനൂറിലധികം വീടുകളാണ് ഇല്ലാതാവുക. നേരത്തയുണ്ടായിരുന്ന അലൈന്‍മെന്‍റ് മാറ്റിയതോടെയാണ് ജനവാസ കേന്ദ്രത്തിലൂടെയായത്. ഇതോടെ നന്തി മുതല്‍ തിക്കോടി വരെ പലര്‍ക്കും വീടുകള്‍ നഷ്ടമാകും. ആശങ്കയിലാണ് നാട്ടുകാര്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ പണി നിര്‍ത്തിവച്ചു.

അതിവേഗ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. സൂചനയായി തിക്കോടിയില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. നിലവിലെ റെയില്‍ പാതയ്ക്ക് സമീപത്തുകൂടെ പദ്ധതി നടപ്പിലാക്കിയാല്‍ ജനവാസ മേഖലയെ ഒഴിവാക്കാമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.