കൊല്ലത്തെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 68 ലിറ്റർ അനധികൃത മദ്യവും 89,000 രൂപയുമായി 73-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൽ പുനലൂർ പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്
കൊല്ലം: വിൽപ്പനയ്ക്കായി അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ കാഞ്ഞിരംമല സ്വദേശിയായ 73 വയസ്സുള്ള ശശിധരനാണ് പുനലൂർ പൊലീസിന്റെ പിടിയിലായത്. ശശിധരൻ താമസിച്ചിരുന്ന വീട്ടിൽ നിന്നും 68 ലിറ്ററോളം മദ്യവും പിടിച്ചെടുത്തു. പുനലൂർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വീടിനുള്ളിൽ തന്നെ പല ഇടങ്ങളിലായി 150 ലധികം കുപ്പികളിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. മദ്യ കച്ചവടത്തിലൂടെ സ്വരൂപിച്ച 89,000 രൂപയും പ്രതിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഏറെ നാളുകളായി ശശിധരൻ ഇത്തരത്തിൽ അനധികൃതമായി വിദേശമദ്യം വില്പനനടത്തിവന്നിരുന്നു. സമാന കൃത്യത്തിൽ ഏർപ്പെട്ടതിന് കേസും ഇയാളുടെ പേരിൽ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഓപ്പറേഷൻ ബാർ കോഡ്
അതേസമയം കഴിഞ്ഞ ദിവസം 'ഓപ്പറേഷൻ ബാർ കോഡ്' എന്ന പേരിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തിയിരുന്നു. വിജിലൻസിന്‍റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയിൽ കണ്ടെത്തി. ആലപ്പുഴയിൽ ഒരു ബാറിൽ നിന്നാണ് മാസപ്പടി പട്ടിക കണ്ടെത്തിയത്. 3,56,000 രൂപ നൽകിയതിന്‍റെ രജിസ്റ്റർ വിജിലൻസിന് ലഭിച്ചു. ഈ കണക്ക് ബാർ മാനേജർ എം ഡിക്ക് നൽകിയതിന്‍റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ, ഇൻസ്പെക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവർക്കാണ് പണം നൽകിയതെന്നാണ് പട്ടികയിലുള്ളത്. കൽപ്പറ്റയിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്‍റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായി പോയിരിക്കുന്നത് മൂന്നുലക്ഷത്തിലധികം രൂപയാണ്. ബാറുകളിൽ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയിൽ തെളിഞ്ഞു. സെക്കന്‍റ്സ് മദ്യ വിൽപ്പന തടയാനുള്ള എക്സൈസ് പ്രവർത്തനം കാര്യക്ഷമമല്ലെന്നും മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. 11 ന് തുറക്കേണ്ട ബാറുകൾ 10 മണിക്ക് തുറന്നുവെന്നും രാത്രി 11 ന് ബാറുകൾ അടയ്‌ക്കുന്നില്ലെന്നും പരിശോധനയിൽ വ്യക്തമായി. മദ്യ സാമ്പിൾ ശേഖരിക്കുന്നതിലടക്കം വീഴ്ചയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.


